പറവൂർ: ലഹരി-ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്. ചിറ്റാറ്റുകര വെസ്റ്റ് വില്ലേജ് പ്രസിഡന്റ് മതിലകത്ത് ഷിയാസ് (39) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 9.30ഓടെ ചിറ്റാറ്റുകര കവലയിൽ വെച്ചായിരുന്നു സംഭവം. കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ ബെന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
പ്രദേശത്തെ ലഹരി മരുന്ന് വ്യാപനത്തിനെതിരെ ഷിയാസും ഡിവൈഎഫ്ഐ പ്രവർത്തകരും ശക്തമായി നിലപാട് എടുത്തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. കൂടാതെ, കഴിഞ്ഞ ദിവസം ഷിയാസിന്റെ സുഹൃത്തിനെ ഇതേ സംഘം മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ ഷിയാസിന് മുഖത്തിലെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കമ്പിപ്പടി ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ തലക്കും മൂക്കിനും ഗുരുതര പരിക്കുകൾ സംഭവിച്ചു. പരിക്കേറ്റ ഷിയാസിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചിറ്റാറ്റുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

