Home Keralaതൃശൂരിൽ പൂരാവേശത്തിന് കൊടിയേറി; ഇനി ആഘോഷപ്പൊലിമയുടെ നാളുകൾ

തൃശൂരിൽ പൂരാവേശത്തിന് കൊടിയേറി; ഇനി ആഘോഷപ്പൊലിമയുടെ നാളുകൾ

by news_desk
0 comments

തൃശൂർ: സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തി വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടി ഉയർന്നതോടെ ശക്തന്റെ തട്ടകം ഇനി പൂരാഘോഷങ്ങളിലേക്ക് വഴിമാറും. രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് പൂരത്തിന് ആദ്യമായി കൊടി ഉയർന്നത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടി വിഭാഗം പൂരക്കൊടി ഉയർത്തി.

പതിനൊന്നരയോടെയാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നത്. വലിയ പാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ സാക്ഷിനിർത്തി ദേശക്കാർ ആവേശപൂർവ്വം പൂരക്കൊടി വാനിലുയർത്തി. ക്ഷേത്രമുറ്റത്തെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ പാറമേക്കാവ് വിഭാഗം ഉയർത്തിയിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യം കൊടിയേറ്റം നടന്നത്. തുടർന്ന് അയ്യന്തോൾ ഉൾപ്പെടെയുള്ള മറ്റ് ക്ഷേത്രങ്ങളിലും കൊടി ഉയർന്നതോടെ പൂരത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പൂർണ്ണതയായി.

ഇനി തൃശൂർ നഗരം പൂരത്തിരക്കുകളിലേക്ക് അമരും. ഏപ്രിൽ 24-ന് പൂരത്തിന്റെ വർണ്ണാഭമായ ചമയ പ്രദർശനം ആരംഭിക്കും. അന്ന് വൈകിട്ട് ഏഴ് മണിക്കാണ് ആകാശം വിസ്മയക്കാഴ്ചയൊരുക്കുന്ന സാമ്പിൾ വെടിക്കെട്ട് നടക്കുക. 25-ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങുന്നതോടെ പൂരവിളംബരമാകും. പ്രധാന പൂരമായ 26-ന് പുലർച്ചെ കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങൾ എത്തിത്തുടങ്ങും. തുടർന്ന് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും വർണ്ണക്കുടകളുടെ മാറ്റുരയ്ക്കുന്ന കുടമാറ്റവും അരങ്ങേറും. 27-ന് പകൽപൂരത്തിന് ശേഷം ദേവിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.

You may also like