Home Entertainmentബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം നന്ദിയുമായി കണ്ണൻ സാഗർ; ‘മമ്മൂക്ക ഉൾപ്പെടെ എല്ലാവരും ഒപ്പം നിന്നു’

ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം നന്ദിയുമായി കണ്ണൻ സാഗർ; ‘മമ്മൂക്ക ഉൾപ്പെടെ എല്ലാവരും ഒപ്പം നിന്നു’

by news_desk1
0 comments

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ, തനിക്കൊപ്പമുണ്ടായിരുന്ന ഡോക്ടർമാർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ചു. ചികിത്സയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വികാരഭരിതമായ പ്രതികരണം.

ആലുവയിലെ രാജഗിരി ആശുപത്രിയിലെ കാർഡിയോളജി-തോറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരും നഴ്‌സുമാരും ‘ജീവിതം നീട്ടിത്തന്ന ദൈവതുല്യർ’ ആണെന്ന് കണ്ണൻ സാഗർ കുറിച്ചു. ശസ്ത്രക്രിയയുടെ ഭീതിയിൽ തളർന്ന സമയത്ത് ആത്മവിശ്വാസവും ധൈര്യവും നൽകി വിജയകരമായി ചികിത്സ പൂർത്തിയാക്കിയതിൽ മെഡിക്കൽ ടീമിനോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.

ചികിത്സയ്ക്കിടയിൽ അനുഭവിച്ച വേദനകളിലും അസ്വസ്ഥതകളിലും തനിക്കൊപ്പം നിന്ന ആരോഗ്യപ്രവർത്തകരുടെ കരുതലും സ്നേഹവും വലിയ ആശ്വാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കി സഹായഹസ്തം നീട്ടിയ നടൻ രമേഷ് പിഷാരടിയോടും ‘അമ്മ’ സംഘടനയോടും അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ തന്റെ ചികിത്സയ്ക്കായി പിന്തുണ നൽകിയ ‘മമ്മൂക്ക’യോടുള്ള കടപ്പാടും അദ്ദേഹം പ്രത്യേകം രേഖപ്പെടുത്തി.

ചികിത്സക്കിടയിലും തന്റെ സിനിമകളെക്കുറിച്ച് ഡോക്ടർമാരും സ്റ്റാഫും പറഞ്ഞ അഭിനന്ദനങ്ങൾ വലിയ ആത്മവിശ്വാസം നൽകിയതായും, അതിലൂടെ വേദനകളെ മറക്കാൻ കഴിഞ്ഞതായും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.

You may also like