Home Editorialവനിതാ സംവരണവും രാഷ്ട്രീയ കപടതയും

വനിതാ സംവരണവും രാഷ്ട്രീയ കപടതയും

by news_desk
0 comments

രാജ്യത്തെ അഭിസംബോധന ചെയ്ത് വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് രാജ്യത്തെ വനിതകളോട് മാപ്പ് ചോദിച്ച് തുടങ്ങിയ നരേന്ദ്ര മോദിയുടെ പ്രസംഗം വികാരഭരിതമായിരുന്നുവെങ്കിലും, അതിന്റെ ഉള്ളടക്കവും സമയവും നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുകയാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിനും മുന്നേറ്റത്തിനും തിരിച്ചടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്, വിഷയം ലളിതമാക്കി അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ശ്രമമെന്ന വിലയിരുത്തൽ ഒഴിവാക്കാനാവില്ല.


 2023-ൽ ഭരണ-പ്രതിപക്ഷ പിന്തുണയോടെ അംഗീകരിക്കപ്പെട്ട വനിതാ സംവരണ ബിൽ വർഷങ്ങളായി പ്രാബല്യത്തിൽ വരാതിരുന്നതിന്റെ യഥാർത്ഥ കാരണം എന്താണ്? ആ ചോദ്യം ഇന്നും മറുപടി കാത്തിരിക്കുകയാണ്. ഇതേ ബിൽ ഇപ്പോൾ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച് നടപ്പാക്കാനുള്ള നീക്കം ഫെഡറൽ ഘടനയെ ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാണ്. ജനസംഖ്യാ വ്യത്യാസങ്ങൾ, സംസ്ഥാനങ്ങളുടെ പ്രതിനിധാനം, രാഷ്ട്രീയ തുലനം എന്നിവയെ ബാധിക്കുന്ന വിഷയത്തിൽ രാജ്യവ്യാപകമായ സംവാദവും ഏകോപനവും അനിവാര്യമാണ്. അതിന് പകരം ഏകപക്ഷീയമായ നീക്കങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്നതല്ല.
സ്ത്രീശാക്തീകരണം ഒരു മുദ്രാവാക്യം മാത്രമല്ല, അത് ഭരണത്തിന്റെ എല്ലാ തലങ്ങളിലും പ്രതിഫലിക്കേണ്ട ഒരു മൂല്യമാണ്. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, സാമൂഹിക അനീതികൾ, സുരക്ഷാഭീഷണികൾ എന്നിവയോട് ഭരണകൂടം കാണിച്ച പ്രതികരണം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വേദികളിൽ ഉയർത്തുന്ന ശക്തമായ വാക്കുകൾക്കും നിലപാടുകൾക്കും യാഥാർഥ്യത്തിൽ സമാനമായ പ്രതിബദ്ധത കാണിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്.


രാജ്യ അഭിസംബോധന പോലുള്ള വേദികൾ പാർട്ടി രാഷ്ട്രീയത്തിനായി ഉപയോഗിക്കപ്പെടുന്നുവെന്ന വിമർശനവും ഗൗരവമായി കാണേണ്ടതാണ്. ജനാധിപത്യത്തിൽ ഇത്തരം വേദികൾക്ക് ഉള്ള പ്രാധാന്യം അതീവ വലുതാണ്; അവിടെ നിന്നുള്ള സന്ദേശങ്ങൾ രാഷ്ട്രീയ ലാഭനഷ്ടങ്ങളെ മറികടന്ന് ദേശീയ ഉത്തരവാദിത്വത്തിന്റെ ഉയർച്ചയിൽ നിന്ന് വരേണ്ടതാണ്. ഭരണഘടനയുടെ മൂല്യങ്ങളും ഫെഡറൽ തത്വങ്ങളും മാനിച്ച്, എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ പരിഗണിച്ചുകൊണ്ടുള്ള തീരുമാനം മാത്രമേ രാജ്യത്തിന് ഗുണകരമാകൂ.
വനിതാ സംവരണം ഒരു രാഷ്ട്രീയ തന്ത്രമല്ല; അത് സാമൂഹിക നീതിയിലേക്കുള്ള ഒരു നിർണായക ചുവടുവയ്പ്പാണ്. അതിനെ കാലതാമസത്തിന്റെയും രാഷ്ട്രീയ കണക്കുകൂട്ടലുകളുടെയും പിടിയിലാക്കാതെ, വ്യക്തതയോടെയും സമയബന്ധിതമായും നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. വാക്കുകളിൽ മാത്രം ഒതുങ്ങാതെ പ്രവർത്തിയിൽ തെളിയുമ്പോഴാണ് ‘നാരീശക്തി’ എന്ന ആശയം യഥാർഥ അർഥം നേടുക.

You may also like