തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഭൂവുടമകളുടെ ജീവിതത്തിന് ഇന്നും തീരാശാപമാകുന്നു. സർവ്വേ കല്ലുകൾ സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. ഭൂമി ഏറ്റെടുക്കൽ നടപടികൾ സാങ്കേതികമായി മരവിപ്പിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ ഭൂമികൾക്ക് വിലയിടിഞ്ഞത് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പദ്ധതി വരുമെന്ന ഭയത്താൽ ബാങ്കുകൾ ഈ ഭൂമി ഈടിന്മേൽ വായ്പ നൽകാൻ തയ്യാറാകുന്നില്ല. സെന്റിന് പത്ത് ലക്ഷം രൂപയിലധികം വിലയുണ്ടായിരുന്ന ഭൂമിക്ക് ഇപ്പോൾ നാല് ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് ഉടമകൾ പരാതിപ്പെടുന്നു. ഈ വിലക്കുറവ് മുതലെടുത്ത് റിയൽ എസ്റ്റേറ്റ് മാഫിയകൾ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി ഭൂമി വിൽക്കാൻ ശ്രമിക്കുന്ന സാധാരണക്കാരാണ് ഇതിലൂടെ ഏറ്റവുമധികം വലയുന്നത്.
സർവ്വേക്കെതിരെ നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാത്തതും മറ്റൊരു വലിയ ദുരിതമായി തുടരുന്നു. നിരവധി ഉദ്യോഗാർത്ഥികൾക്കും യുവാക്കൾക്കും കേസുകൾ നിലനിൽക്കുന്നത് കാരണം പാസ്പോർട്ടോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റോ ലഭിക്കുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കി ഭൂമിയുടെ മേലുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നുമാണ് ഭൂവുടമകളുടെ ആവശ്യം.

