ന്യൂഡല്‍ഹി: വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മൗന്‍ജാരോ കുത്തിവെപ്പിന്റെ വ്യാജ മരുന്ന് നിര്‍മിച്ച് വില്‍പ്പന നടത്തിയ സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ അവി ശര്‍മ (32) ഉള്‍പ്പെടെ ചിലരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
ടാക്സി ഡ്രൈവറായ മുസമ്മില്‍ഖാനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാന കണ്ണിയായ അവി ശര്‍മയിലേക്കു പൊലീസ് എത്തിയത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത മരുന്നുകളുമായി വെള്ളം ചേര്‍ത്ത് വ്യാജ കുത്തിവെപ്പ് തയ്യാറാക്കി, യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന ലേബലുകളും ബാര്‍കോഡുകളും പതിപ്പിച്ച് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തിയതായാണ് കണ്ടെത്തല്‍.
ഇന്ത്യാമാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയാണ് മരുന്നുകള്‍ വിറ്റഴിച്ചതെന്ന് പ്രതികള്‍ മൊഴി നല്കി. ഏകദേശം 70 ലക്ഷം രൂപ വിലവരുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഉപയോഗിക്കുന്ന മൗന്‍ജാരോ കുത്തിവെപ്പ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ ലഭ്യമായത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പ്രചാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇതിന്റെ വ്യാജ നിര്‍മാണം നടന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍.
വ്യാജ മരുന്നുകളുടെ പ്രചരണം ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ഹരിയാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.

