ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റത്തിനായി ഹ്യുണ്ടായി ഇന്ത്യയിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത തലമുറ ക്രെറ്റ, ഇൻസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവി, ബയോൺ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ എസ്‌യുവി എന്നിവയാണ് കമ്പനി വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നത്.
ഇതിനിടെ, ഹ്യുണ്ടായി അയോണിക് 3 എന്ന പുതിയ ഇലക്ട്രിക് കാർ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഒറ്റ ചാർജിൽ ഏകദേശം 496 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.
അടുത്ത തലമുറ ക്രെറ്റ:
ഹ്യുണ്ടായി ക്രെറ്റയിൽ പുതിയ തലമുറ 2026 അവസാനം അല്ലെങ്കിൽ 2027 തുടക്കത്തിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. K3 പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഈ മോഡൽ സുരക്ഷയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തിയ രൂപത്തിൽ എത്തും. 1.5 ലിറ്റർ പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഹൈബ്രിഡ് പതിപ്പും ലഭിക്കാനിടയുണ്ട്.
ഇൻസ്റ്റർ അടിസ്ഥാനമാക്കിയ ഇലക്ട്രിക് എസ്‌യുവി:
ഹ്യുണ്ടായി ഇൻസ്റ്റർ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലെ മാസ് മാർക്കറ്റിനെ ലക്ഷ്യമിടുന്നതാണ്. ഏകദേശം 300 മുതൽ 355 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ബാറ്ററി ഓപ്ഷനുകൾ പ്രതീക്ഷിക്കുന്നു. വിപണിയിൽ ടാറ്റ പഞ്ച് ഇവി പോലുള്ള വാഹനങ്ങളോട് മത്സരിക്കും.
ബയോൺ അടിസ്ഥാനമാക്കിയ ക്രോസ്ഓവർ:
ഹ്യുണ്ടായിബയോൺ പുതിയ പതിപ്പ് BC4i പ്രോജക്റ്റ് പേരിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ SUV ശൈലിയിൽ രൂപകൽപ്പന ചെയ്ത ഈ മോഡൽ ഈ വർഷം അവസാനം എത്താൻ സാധ്യതയുണ്ട്. പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഹൈബ്രിഡ് സജ്ജീകരണവും പ്രതീക്ഷിക്കുന്നു.
പുതിയ ഡിസൈൻ, ആധുനിക സാങ്കേതികവിദ്യ, വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ എന്നിവയോടെ ഈ മൂന്ന് മോഡലുകളും ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

