മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന സൈബർ ക്രൈം ത്രില്ലർ ചിത്രം ‘അച്യുത അവതാരം’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കന്നഡയിലെ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ പുനിത് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ എത്തുന്ന ചിത്രത്തിൽ മാളവിക നന്ദൻ, അവിനാഷ്, സീമ.ജി.നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്യഭാഷ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സൈബർ ആസക്തിയുടെ ഭീഷണികളും അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങളും അവതരിപ്പിക്കുന്ന ചിത്രം കുടുംബബന്ധങ്ങളെയും സ്പർശിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുതിയ പോസ്റ്ററിൽ ഫാമിലി ഡ്രാമയുടെ സൂചനകളും വ്യക്തമാകുന്നു.
റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മാണം. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മംഗളൂരു, കാസർഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.
ഹരീഷ് മോഹന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം പകരുന്നു. പവൻ പൂവയ്യയും മഹേഷ് തോട്ടയും എഡിറ്റിംഗ് നിർവഹിക്കുന്നു. മറ്റ് സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയോടെയാണ് ചിത്രം പൂർത്തിയായിരിക്കുന്നത്.

