ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ടോൾ സംവിധാനം വഴി ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ അറിയിച്ചു. ടോൾ ഇനത്തിൽ ലഭിച്ച ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി.
പ്രധാന കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് പിന്നാലെ ശക്തമായ നിയന്ത്രണങ്ങൾക്കിടയിലായിരിക്കുകയാണ്. ലോകത്തെ എണ്ണ-വാതക ഗതാഗതത്തിന്റെ വലിയൊരു വിഹിതം കൈകാര്യം ചെയ്യുന്ന ഈ കടലിടുക്കിലൂടെ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽ ടോൾ ഈടാക്കാനുള്ള നിയമം ഇറാനിയൻ പാർലമെന്റ് പാസാക്കിയിരുന്നു. മാർച്ച് അവസാനം സുരക്ഷാ സമിതി ഇതിന് അനുമതി നൽകിയതോടെ നടപടികൾ വേഗത്തിലാക്കി. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുന്നതിനും ഇറാൻ തുടക്കം കുറിച്ചിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്ക് പ്രതികാരമായി അമേരിക്ക ഇറാനുമേൽ നാവിക ഉപരോധം ശക്തമാക്കിയിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികൾ രാജ്യത്തിന്റെ എണ്ണ ഉത്പാദനത്തെയും ബാധിച്ചിരിക്കുകയാണ്.
ഹോർമുസിലൂടെയുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെ 30-ൽ അധികം രാജ്യങ്ങൾ ചർച്ചകൾ തുടരുകയാണ്. യുദ്ധാനന്തര സാഹചര്യത്തിൽ കടലിടുക്ക് പഴയ നിലയിലേക്ക് മടങ്ങാൻ സാധ്യത കുറവാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

