Home Nationalബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്‌ക്കെതിരെ സോഷ്യൽ മീഡിയ പ്രതിഷേധം; ലക്ഷങ്ങൾ അൺഫോളോ ചെയ്തു

ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്‌ക്കെതിരെ സോഷ്യൽ മീഡിയ പ്രതിഷേധം; ലക്ഷങ്ങൾ അൺഫോളോ ചെയ്തു

by news_desk1
0 comments

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ ശക്തമായ സോഷ്യൽ മീഡിയ പ്രതിഷേധം. ഇൻസ്റ്റഗ്രാമിൽ മാത്രം 24 മണിക്കൂറിനകം പത്ത് ലക്ഷത്തിലധികം ആളുകൾ ഛദ്ദയെ അൺഫോളോ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്നലെ വരെ 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഛദ്ദയുടെ അക്കൗണ്ടിൽ ഇന്ന് ഉച്ചയോടെ അത് 13.5 മില്യണായി കുറഞ്ഞു. ഓരോ മണിക്കൂറിലും ഫോളോവേഴ്‌സിന്റെ എണ്ണം ഇടിയുന്നതായും ശ്രദ്ധേയമാണ്.

യുവതലമുറയിലും ജെൻസികളിലും വലിയ പിന്തുണ ഉണ്ടായിരുന്ന നേതാവായിരുന്നു ഛദ്ദ. എന്നാൽ ബിജെപിയിൽ ചേർന്ന തീരുമാനം വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായി. ‘UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായതും പ്രതിഷേധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

അതേസമയം ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിരുന്ന പോസ്റ്റുകൾ ഉൾപ്പെടെ ഛദ്ദ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.

ഇന്നലെയാണ് പഞ്ചാബിൽ നിന്നുള്ള രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് രാജ്യസഭാ എംപിമാർ ആം ആദ്മി പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്. ഇവരിൽ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഇതോടെ രാജ്യസഭയിലെ എഎപി എംപിമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

സംഭവത്തെ തുടർന്ന് ബിജെപിക്കെതിരെ ആം ആദ്മി പാർട്ടി നേതാക്കളും രംഗത്തെത്തി. പഞ്ചാബിലെ ജനങ്ങളെ വീണ്ടും വഞ്ചിച്ചതാണെന്ന് അരവിന്ദ് കെജ്റിവാൾ ആരോപിച്ചപ്പോൾ, ‘ഓപ്പറേഷൻ താമര’ വഴിയാണ് ഈ നീക്കം നടന്നതെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.

You may also like