തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലും നേതൃമാറ്റ ചർച്ചകളിലും ഘടകകക്ഷികൾ പരസ്യമായി അഭിപ്രായം പറയുന്നത് അനുചിതമാണെന്ന വിമർശനമാണ് പാർട്ടി നേതൃത്വത്തിൽ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും അതിൽ ഘടകകക്ഷികൾ ഇടപെടേണ്ടതില്ലെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വി.ഡി. സതീശനെ അനുകൂലിച്ച് സാദിഖലി തങ്ങൾ രംഗത്തെത്തിയത്. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് ലഭിച്ച വലിയ പിന്തുണ ജനവികാരമാണെന്നും, യുഡിഎഫ് തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ ജനവികാരം പരിഗണിക്കേണ്ടി വരുമെന്നുമാണ് തങ്ങൾ പറഞ്ഞത്. ഹൈക്കമാൻഡും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. യുഡിഎഫിന് വലിയ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, വിജയപ്രതീക്ഷയിൽ നിൽക്കുന്ന മുന്നണിയെ ഇത്തരം പരസ്യ പ്രസ്താവനകൾ ദോഷകരമായി ബാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഘടകകക്ഷി നേതാക്കൾക്ക് ഇഷ്ടമുള്ള വ്യക്തികളെ പിന്തുണയ്ക്കാമെങ്കിലും അത് പരസ്യമായി പറയുന്നത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കം ഉടലെടുക്കുന്നത് പ്രവർത്തകർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും, ഇത്തരം വിഷയങ്ങളിൽ സംയമനം പാലിക്കണമെന്നുമാണ് കോൺഗ്രസ് നിലപാട്. വരും ദിവസങ്ങളിൽ യുഡിഎഫ് യോഗങ്ങളിൽ ഈ വിഷയം ചർച്ചയായേക്കും.
