Home Kerala‘അവന്‍ തിരികെ വരുന്നു’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു

‘അവന്‍ തിരികെ വരുന്നു’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു

by news_desk
0 comments

തൃശൂർ: കോടാലിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്നും ചികിത്സിച്ച അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത ശ്വാസതടസ്സവും ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും നേരിട്ട അനോഷിന് എക്‌മോ (ECMO), ആന്റി സ്നേക്ക് വെനം എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സകൾ നൽകിയാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് കോടാലിയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനെയും സഹോദരൻ അൽജോയെയും ശംഖുവരയൻ പാമ്പ് കടിച്ചത്. ദൗർഭാഗ്യവശാൽ അൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്ന അനോഷിന്റെ അതിജീവനം അത്ഭുതകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശംഖുവരയൻ പാമ്പ് കടിച്ചാൽ ശരീരത്തിൽ പാടുകളോ വേദനയോ ഉണ്ടാകില്ലെന്നതിനാൽ പലപ്പോഴും തിരിച്ചറിയാൻ വൈകാറുണ്ടെന്നും വേനൽക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിച്ചു.

“ഒരു മകൻ പോയി, രണ്ടാമത്തവനെയെങ്കിലും തിരികെ കിട്ടണേ എന്ന പ്രാർത്ഥനയിലായിരുന്നു ഞങ്ങൾ” – വികാരാധീനനായി അനോഷിന്റെ പിതാവ് സിൽജോ പറഞ്ഞു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അനോഷും പ്രതികരിച്ചു. അനോഷിന്റെ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുത്തിരുന്നു. സ്വന്തം വീട്ടിൽ പാമ്പ് ശല്യം നിലനിൽക്കുന്നുണ്ടോ എന്ന ഭയമുള്ളതിനാൽ നിലവിൽ സഹോദരന്റെ വീട്ടിലേക്കാണ് സിൽജോയും കുടുംബവും മാറുന്നത്. വൻ തുക ചികിത്സാ ഇനത്തിൽ ഇളവ് നൽകാൻ ആശുപത്രി അധികൃതരും തയ്യാറായി.

You may also like