രാജ്യത്ത് തിരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ തന്നെ വീണ്ടും ഉയരുന്ന വിലക്കയറ്റ തരംഗം ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതിന്റെ തെളിവാണ് പുതിയ പാചകവാതക വിലവർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിനും, സാധാരണക്കാർ വ്യാപകമായി ആശ്രയിക്കുന്ന ചെറു സിലിണ്ടറുകൾക്കും ഒരേ സമയം വൻ വർധനവ് പ്രഖ്യാപിച്ചതോടെ ജീവിതച്ചെലവ് വീണ്ടും ഉയരുകയാണ്.
വിലവർധനവിന്റെ ഈ തീരുമാനം വെറും കണക്കുകളിലെ മാറ്റമല്ല; അതിന് പിന്നിൽ ഒരു വലിയ സാമൂഹിക പ്രതിഫലനമുണ്ട്. ഹോട്ടൽ മേഖലയെയും ചെറുകിട വ്യാപാരങ്ങളെയും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ വർധന, അതിന്റെ ആഘാതം സാധാരണ ജനങ്ങളിലേക്കാണ് ഒടുവിൽ എത്തുന്നത്. ഒരു ഹോട്ടലിൽ ഭക്ഷണത്തിന്റെ വില ഉയരുമ്പോൾ അത് ഭക്ഷണം കഴിക്കുന്ന തൊഴിലാളിയുടെയും യാത്രക്കാരന്റെയും ദൈനംദിന ചെലവിലേക്ക് നേരിട്ട് കടന്നുവരുന്നു. ഇതിനുമുമ്പും പാചകവാതക വില പലതവണ വർധിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ വലിയ ചാടൽ. മാർച്ചിലും ഏപ്രിലിലും നടന്ന വർധനയ്ക്ക് പിന്നാലെ വീണ്ടും വലിയ തോതിൽ വില കൂട്ടിയത് നയപരമായ ഏകോപനത്തിന്റെ അഭാവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ആഗോള സാഹചര്യങ്ങൾ, പ്രത്യേകിച്ച് യുദ്ധങ്ങളും വ്യാപാര തടസങ്ങളും, വില നിർണയത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും, അതിന്റെ മുഴുവൻ ഭാരം ജനങ്ങളുടെ മേൽ ചുമത്തുന്നത് നീതീകരിക്കാനാകില്ല. സർക്കാർ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ കഴിയുന്ന നിരവധി മാർഗങ്ങൾ ഉള്ളപ്പോഴും, അതിന് പകരം നിരന്തരമായ വർധനകൾ നടപ്പാക്കുന്നത് ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നു.
പ്രത്യേകിച്ച്, അതിഥി തൊഴിലാളികൾ, ദിവസവേതനക്കാർ, ചെറുകിട സംരംഭകർ തുടങ്ങിയ വിഭാഗങ്ങൾ ഇതിനകം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ്. ഇവർക്കാണ് ഈ വിലവർധനയുടെ ആഘാതം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. ഇന്ധന വില ഉയരുമ്പോൾ അതിന്റെ ആഘാതം എല്ലാ മേഖലകളിലും പരക്കും. ഗതാഗത ചെലവുകൾ മുതൽ ഭക്ഷ്യവസ്തുക്കളുടെ വില വരെ എല്ലാം ഉയരും. ഇതിനകം തന്നെ വിലക്കയറ്റത്തിന്റെ സമ്മർദ്ദം അനുഭവിക്കുന്ന കുടുംബങ്ങൾക്കിത് ഇരട്ടിഭാരമാകും. “ഇടി വെട്ടിയവനെ പാമ്പ് കടിച്ചത്” എന്ന അവസ്ഥയിലാണ് സാധാരണ ജനങ്ങളുടെ ജീവിതം നീങ്ങുന്നത്.
ജനാധിപത്യ സംവിധാനത്തിൽ സാമ്പത്തിക തീരുമാനങ്ങൾ ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാവണം. വിലവർധനകൾ അനിവാര്യമായാൽ പോലും, അത് ഘട്ടംഘട്ടമായി നടപ്പാക്കുകയും ബാധിതർക്കുള്ള ആശ്വാസ നടപടികൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതിന് പകരം ഒരേ സമയം വൻ വർധന നടപ്പാക്കുന്നത് ജനങ്ങളോടുള്ള അനാസ്ഥയായി മാത്രമേ വിലയിരുത്താനാകൂ. ഇപ്പോൾ ഉയരുന്ന ജനപ്രതിഷേധങ്ങൾ വെറും രാഷ്ട്രീയ പ്രതികരണങ്ങളല്ല; അത് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി പോരാടുന്ന ഒരു സമൂഹത്തിന്റെ നിലവിളിയാണ്. ഈ സന്ദേശം ഭരണകൂടം ഗൗരവത്തോടെ ഉൾക്കൊള്ളേണ്ട സമയം എത്തിയിരിക്കുന്നു.
വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും വ്യക്തമായ നയങ്ങളും ഇടപെടലുകളും അത്യാവശ്യമാണ്. ഇല്ലെങ്കിൽ, ജനങ്ങളുടെ സഹനപരിധി കടന്നുപോകുമ്പോൾ ഉയരുന്ന പ്രതികരണങ്ങൾ ഭരണകൂടത്തിന് തന്നെ വലിയ തിരിച്ചടിയായിത്തീരുമെന്നത് ചരിത്രം പലവട്ടം തെളിയിച്ച സത്യമാണ്.

