കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ് വൻ ഭൂരിപക്ഷത്തിൽ വിജയം നേടി. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്.
14,453 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫിന്റെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3,172 വോട്ടുകൾ മാത്രമായിരുന്ന ഭൂരിപക്ഷം ഇത്തവണ 11,281 വോട്ടുകൾ കൂടി വർധിച്ചതാണ് ശ്രദ്ധേയമായത്.
മട്ടന്നൂരിൽ നിന്ന് മണ്ഡലം മാറി മത്സരിക്കാനെത്തിയ കെ.കെ. ശൈലജ, കെപിസിസി അധ്യക്ഷനെ നേരിടുന്ന മത്സരമായതിനാൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ നേടിയ പോരാട്ടമായിരുന്നു ഇത്. അട്ടിമറി സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുകൾ നിലനിന്നിരുന്നെങ്കിലും ഫലത്തിൽ സണ്ണി ജോസഫ് ശക്തമായ മുന്നേറ്റം പ്രകടിപ്പിച്ചു.
ഇതിനുമുമ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നേരിട്ട പരാജയത്തിന് പിന്നാലെ പേരാവൂരിലെയും തോൽവി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

