Home National‘രാജി വയ്ക്കില്ല, തോൽവി അംഗീകരിക്കില്ല; ബിജെപി വോട്ട് മോഷ്ടിച്ചു’; കടുത്ത ആരോപണങ്ങളുമായി മമത ബാനർജി

‘രാജി വയ്ക്കില്ല, തോൽവി അംഗീകരിക്കില്ല; ബിജെപി വോട്ട് മോഷ്ടിച്ചു’; കടുത്ത ആരോപണങ്ങളുമായി മമത ബാനർജി

by news_desk
0 comments

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ യുദ്ധപ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റിട്ടില്ലെന്നും നൂറിലധികം സീറ്റുകളിൽ വോട്ട് മോഷ്ടിക്കപ്പെട്ടതാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രി പദം രാജി വയ്ക്കില്ലെന്നും കൗണ്ടിംഗ് സെന്ററുകൾ ബിജെപി ഹൈജാക്ക് ചെയ്തതായും അവർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ തിരഞ്ഞെടുപ്പിലെ യഥാർത്ഥ വില്ലനെന്ന് മമത ആഞ്ഞടിച്ചു. കേന്ദ്ര സേനകൾ ബിജെപിയുടെ ഗുണ്ടാസംഘത്തെപ്പോലെയാണ് പ്രവർത്തിച്ചത്. മഹാരാഷ്ട്ര, ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ ബംഗാളിലും വോട്ട് മോഷണം ആവർത്തിച്ചു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് തൃണമൂൽ നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തതിലൂടെ കേന്ദ്രം വൃത്തികെട്ട കളി കളിച്ചുവെന്നും മമത പറഞ്ഞു. തന്നെ വ്യക്തിപരമായി അപമാനിക്കാനും മർദ്ദിക്കാനും ശ്രമം നടന്നതായും അവർ വെളിപ്പെടുത്തി.

ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതപരമായി പെരുമാറിയാൽ ജനങ്ങൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് മമത ചോദിച്ചു. വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പഠിക്കാൻ പത്തംഗ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കുമെന്നും അവർ അറിയിച്ചു. ഇന്ത്യ ബ്ലോക്ക് നേതാക്കളുമായി സംസാരിച്ചുവെന്നും വരും ദിവസങ്ങളിൽ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്നും മമത വ്യക്തമാക്കി. ബംഗാളിൽ നിന്ന് തൃണമൂലിനെ പുറത്താക്കാൻ കേന്ദ്ര സംവിധാനങ്ങൾ ഒന്നടങ്കം പ്രവർത്തിച്ചുവെങ്കിലും ജനങ്ങൾക്കൊപ്പമുള്ള പോരാട്ടം തുടരുമെന്നാണ് മമതയുടെ നിലപാട്. ഇതോടെ വരും ദിവസങ്ങളിൽ ബംഗാളിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുത്തേക്കും.

You may also like