Home Keralaവെള്ളറട കെഎസ്ആർടിസി ഡിപ്പോ പ്രതിസന്ധിയിൽ; സർവീസുകൾ മുടങ്ങി യാത്രക്കാർ ദുരിതത്തിൽ

വെള്ളറട കെഎസ്ആർടിസി ഡിപ്പോ പ്രതിസന്ധിയിൽ; സർവീസുകൾ മുടങ്ങി യാത്രക്കാർ ദുരിതത്തിൽ

by news_desk1
0 comments

വെള്ളറട: കെഎസ്ആർടിസി വെള്ളറട ഡിപ്പോയിൽ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വർധിച്ചതോടെ മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി. 55 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിലവിൽ 45ൽ താഴെ സർവീസുകൾ മാത്രമാണ് നടത്തുന്നത്. പുതിയ ബസുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്.

മലയോര മേഖലയിലെ പ്രധാന ഡിപ്പോകളിലൊന്നായ വെള്ളറട ഡിപ്പോ കോർപറേഷന് മികച്ച വരുമാനം നൽകുന്നുണ്ടെങ്കിലും ചെറിയ തകരാറുകൾ പോലും പരിഹരിക്കാതെ ബസുകൾ ഒതുക്കിയിടുകയാണെന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച നിരവധി സർവീസുകളും ഇപ്പോൾ നിലച്ചിരിക്കുകയാണ്.

പാട്ടംതലയ്ക്കൽ, മുട്ടച്ചൽ, ചെമ്മണ്ണുവിള, മൈലച്ചൽ, കാസാറോഡ് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന സർവീസുകൾ പൂർണമായും നിർത്തി. നിലവിൽ വെള്ളറട-തിരുവനന്തപുരം ഫാസ്റ്റ് സർവീസും ഈരാറ്റുപേട്ട സൂപ്പർഫാസ്റ്റും മാത്രമാണ് തുടരുന്നത്.

വെള്ളറട–പനച്ചമൂട് വഴി മാർത്താണ്ഡത്തേക്ക് പോയിരുന്ന ഓർഡിനറി സർവീസും നിർത്തിവെച്ചിരിക്കുകയാണ്. രാജധാനി ബസ് അനുവദിച്ചതിനെ തുടർന്ന് ആരംഭിച്ച ബൈപ്പാസ്–വിഴിഞ്ഞം–തിരുവനന്തപുരം സർവീസും ഇപ്പോൾ ഇല്ലാതായി. മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസുകളാണ് കൂടുതലായും അവസാനിപ്പിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

രാവിലെ ജോലിക്കായി ബസ് കാത്തുനിൽക്കുന്ന കൂലിത്തൊഴിലാളികൾക്ക് പലപ്പോഴും തൊഴിൽ നഷ്ടമാകുന്ന അവസ്ഥയാണ്. ഏത് സർവീസ് എപ്പോൾ റദ്ദാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു.

ഡിപ്പോയിലെ ടെലിഫോൺ പോലും പ്രവർത്തനരഹിതമായതിനാൽ സർവീസ് വിവരങ്ങൾ അന്വേഷിക്കാനും കഴിയുന്നില്ല. അശാസ്ത്രീയമായ ഷെഡ്യൂൾ പരിഷ്‌കാരങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന വിമർശനം.

You may also like