തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവെ വി.ഡി. സതീശനെ പിന്തുണച്ച് തെരുവിൽ പ്രകടനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കെപിസിസി. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം വിവിധ ജില്ലാ കോൺഗ്രസ് കമ്മിറ്റികളോട് കെപിസിസി അടിയന്തര റിപ്പോർട്ട് തേടി. പ്രകടനങ്ങളിൽ പങ്കെടുത്ത ഭാരവാഹികളുടെ വിവരങ്ങൾ കൈമാറാനാണ് നിർദ്ദേശം. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് നേരത്തെ നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇടുക്കിയിൽ വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം പദവികളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു വ്യക്തമാക്കി. എന്നാൽ, പാർട്ടിയുടെ ഈ നീക്കത്തിനെതിരെ എംപി ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കി. പ്രവർത്തകർ ചോര നീരാക്കി ഉണ്ടാക്കിയ വിജയമാണിതെന്നും അവരുടെ വൈകാരിക പ്രതികരണങ്ങളെ ഇത്തരത്തിൽ അടിച്ചമർത്തുന്നത് ക്രൂരമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്നും ശിക്ഷണ നടപടികൾ പരിഹാരമല്ലെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു. അച്ചടക്ക നടപടി കൊണ്ട് മാത്രം കാര്യമുണ്ടാവില്ലെന്നും പ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ നടക്കാനിരിക്കെ, താഴെത്തട്ടിൽ നടപടികൾ കർക്കശമാക്കുന്നത് കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിൽ ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകാനാണ് സാധ്യത.

