Home Keralaഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയ സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്ന് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയ സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്ന് ചാണ്ടി ഉമ്മന്‍

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഉയര്‍ത്തിക്കാട്ടി നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ലെന്നും പ്രതിഷേധത്തിനിടെ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ച ആരെങ്കിലുമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും അനുകൂലികള്‍ പോലും ഇത്തരത്തില്‍ പെരുമാറില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ആവേശത്തിനിടെ അബദ്ധത്തില്‍ സംഭവിച്ചതാകാമെങ്കിലും മനപ്പൂര്‍വം ചെയ്തതാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തെ കുറിച്ച് പ്രതികരിച്ച കെ. മുരളീധരനും ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രീതിയല്ലെന്ന് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയുടെ സംസ്കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്‌മോഹന്‍ ഉണ്ണിത്താനും സംഭവത്തെ അപലപിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറുന്ന നടപടി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കള്‍ക്കായി മുദ്രാവാക്യം വിളിക്കുന്നതിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നതിലും തെറ്റില്ലെങ്കിലും സംഘടനാ മര്യാദ പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സിന്റെ ഭാഗങ്ങളും കീറിയത്. ഉമ്മന്‍ചാണ്ടിയുടെ മുഖഭാഗം നിലനിര്‍ത്തിയായിരുന്നു ഫ്‌ളക്‌സ് കീറിയത്.

You may also like