ചെന്നൈ: തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് ഇന്ന് തുടക്കമാകും. പാര്‍ട്ടി രൂപീകരിച്ച് നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ വമ്പന്‍ ജനവിധി നേടിയ ടിവികെ നേതാവ് വിജയ് ഇന്ന് രാവിലെ പത്തുമണിക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാരോഹണത്തോടൊപ്പം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍നിന്നായി ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച നിയമസഭയില്‍ വിജയ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ് എളുപ്പത്തില്‍ അധികാരത്തിലെത്തുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നെങ്കിലും പിന്നീട് നടന്ന രാഷ്ട്രീയ നീക്കങ്ങളാണ് സാഹചര്യം സങ്കീര്‍ണമാക്കിയത്. 234 അംഗ നിയമസഭയില്‍ ടിവികെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിനാവശ്യമായ എണ്ണം ലഭിച്ചിരുന്നില്ല. വിജയ് രണ്ട് മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ചതിനെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിവാകുകയും പാര്‍ട്ടിയുടെ എണ്ണം 107 ആയി കുറയുകയും ചെയ്തു.
തുടര്‍ന്ന് കോണ്‍ഗ്രസ് അഞ്ച് സീറ്റുകളുമായി പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ സിപിഐയും സിപിഐഎമ്മും പിന്തുണ അറിയിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ സംഖ്യയ്ക്ക് അടുത്തെത്താനായി. എന്നാല്‍ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമായത്.
ഇതിനിടെ ഡിഎംകെ സഖ്യകക്ഷിയായ വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് പക്ഷം ഭൂരിപക്ഷ രേഖ മറികടന്നു. പിന്നീട് മുസ്ലീം ലീഗും പിന്തുണ അറിയിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി പൂര്‍ണമായി തെളിഞ്ഞു.
ആറ് പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന് പുതിയ വെല്ലുവിളി ഉയര്‍ത്തിയാണ് വിജയ് അധികാരത്തിലെത്തുന്നത്. സിനിമാ താരത്തില്‍നിന്ന് ജനനായകനിലേക്കുള്ള വിജയ്‌യുടെ രാഷ്ട്രീയ യാത്ര തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

