തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനത്തില്‍ മഴ ശക്തിപ്രാപിക്കാമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്.
ഇടിമിന്നലിനോട് അനുബന്ധിച്ച അപകടസാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. കാര്‍മേഘം രൂപപ്പെടുന്നതോ ഇടിമിന്നലിന്റെ ആദ്യ സൂചനകള്‍ കാണുന്നതോ ആയാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നതും മരച്ചുവട്ടില്‍ അഭയം തേടുന്നതും ഒഴിവാക്കണം.
ഇടിമിന്നല്‍ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്. ടെറസുകളിലും ജലാശയങ്ങള്‍ക്കരികിലും കഴിയുന്നത് അപകടകരമാണെന്നും മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കണം. വാഹനത്തിനകത്ത് തുടരുന്നത് കൂടുതല്‍ സുരക്ഷിതമാണെന്നും നിര്‍ദേശമുണ്ട്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമായി കെട്ടിവെക്കുകയും വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ നിര്‍ത്താതിരിക്കുകയും വേണം.
ഇടിമിന്നലേറ്റ് അപകടം സംഭവിച്ചാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതര്‍ ഓര്‍മിപ്പിച്ചു. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം നിലനില്‍ക്കില്ലെന്നും അതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതില്‍ മടിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

