Home National2027 തെരഞ്ഞെടുപ്പ് ലക്ഷ്യം; യുപി മന്ത്രിസഭയില്‍ അഴിച്ചുപണി, ഇന്ന് ആറു പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

2027 തെരഞ്ഞെടുപ്പ് ലക്ഷ്യം; യുപി മന്ത്രിസഭയില്‍ അഴിച്ചുപണി, ഇന്ന് ആറു പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

by news_desk1
0 comments

ലഖ്‌നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. മന്ത്രിസഭയിലേക്ക് പുതിയതായി ആറു പേരെ ഉള്‍പ്പെടുത്തി ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടത്തും. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ലഖ്‌നൗവില്‍ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

ഭൂപേന്ദ്ര ചൗധരി, മനോജ് പാണ്ഡെ, പൂജ പാല്‍, ഹാന്‍സ് രാജ് വിശ്വകര്‍മ, കൃഷ്ണ പാസ്വാന്‍, സുരേഷ് പാസ്വാന്‍ എന്നിവരാകും മന്ത്രിസഭയിലെ പുതിയ മുഖങ്ങളെന്നാണ് വിവരം. ഇതോടൊപ്പം നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ നീക്കം. സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാതി-സാമുദായിക സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും മുന്‍നിര്‍ത്തിയാണ് മന്ത്രിസഭാ വികസനം നടത്തുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍. ജാട്ട് ഒബിസി വിഭാഗത്തിലെ പ്രമുഖ നേതാവും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ ഭൂപേന്ദ്ര ചൗധരി നിലവില്‍ എംഎല്‍സിയാണ്. സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലേക്ക് എത്തിയ മനോജ് പാണ്ഡെയും മന്ത്രിസഭയിലെ പ്രധാന പരിഗണനകളില്‍ ഒരാളാണ്.

സമാജ്‌വാദി പാര്‍ട്ടി വിമത നേതാവായ പൂജ പാല്‍ നിലവില്‍ കൗസംബി ജില്ലയിലെ ചായല്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്. ബിജ്‌നോറില്‍നിന്നുള്ള ഗുര്‍ജാര്‍ ഒബിസി നേതാവായ അശോക് കത്താരിയെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷ്ണ പാസ്വാന്‍, സുരേഷ് പാസ്വാന്‍ എന്നിവര്‍ക്കും അവസരം ലഭിക്കുമെന്നാണ് വിവരം.

നിലവില്‍ 54 മന്ത്രിമാരാണ് യോഗി സര്‍ക്കാരിന്റെ ഭാഗമായുള്ളത്. ഭരണഘടനാനുസൃതമായി സംസ്ഥാന മന്ത്രിസഭയില്‍ പരമാവധി 60 അംഗങ്ങളെ ഉള്‍പ്പെടുത്താം. 2017ല്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെ പുറത്താക്കി ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയിരുന്നു. 2022ല്‍ വീണ്ടും അധികാരം നിലനിര്‍ത്തിയെങ്കിലും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2027 തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പാര്‍ട്ടിയും സര്‍ക്കാരും സംഘടനാതല പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.

403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 255 അംഗങ്ങളുടെ പിന്തുണയുണ്ട്.

You may also like