Home Nationalനീറ്റ് യുജി ചോദ്യച്ചോർച്ച കേസ്; കേരളത്തിലെ എംബിബിഎസ് വിദ്യാർത്ഥിയിലേക്ക് രാജസ്ഥാൻ പൊലീസിന്റെ അന്വേഷണം

നീറ്റ് യുജി ചോദ്യച്ചോർച്ച കേസ്; കേരളത്തിലെ എംബിബിഎസ് വിദ്യാർത്ഥിയിലേക്ക് രാജസ്ഥാൻ പൊലീസിന്റെ അന്വേഷണം

by news_desk1
0 comments

ദില്ലി: നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. മെയ് 3-ന് നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പൊലീസ് കേരളത്തിൽ പഠിക്കുന്ന ഒരു എംബിബിഎസ് വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവിലുള്ളത്. നിലവിൽ കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കുന്ന ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായി രാജസ്ഥാൻ പൊലീസ് സംഘം കേരളത്തിലെത്തും.

പരിശോധനയിൽ, വിൽപന നടത്തിയ ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ നീറ്റ് യുജി ചോദ്യപേപ്പറുമായി സാമ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപേ തന്നെ ചില വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഇരുപതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ കൈമാറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പരിശോധിച്ചുവരികയാണ്.

അതേസമയം, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

You may also like