Home Keralaകേരളത്തിലെ തിരിച്ചടി അതീവ ഗുരുതരം; ബിജെപിയുടെ മൂന്ന് സീറ്റുകളും ആശങ്കാജനകം: സിപിഎം പൊളിറ്റ് ബ്യൂറോ

കേരളത്തിലെ തിരിച്ചടി അതീവ ഗുരുതരം; ബിജെപിയുടെ മൂന്ന് സീറ്റുകളും ആശങ്കാജനകം: സിപിഎം പൊളിറ്റ് ബ്യൂറോ

by news_desk1
0 comments

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉണ്ടായ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് ജനറല്‍ സെക്രട്ടറി എം എ ബേബി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കേരളത്തില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നേരിട്ട പരാജയത്തിന്റെ കാരണങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ച ഘടകങ്ങളിലൊന്നാണെന്ന് സിപിഎം വിലയിരുത്തുന്നു. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതും നിസ്സാരമായി കാണാനാകില്ലെന്നും എം എ ബേബി വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ബിജെപി നേടിയ മുന്നേറ്റത്തിന് പിന്നില്‍ കേന്ദ്ര ഏജന്‍സികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ദുരുപയോഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടികള്‍ ജനാധിപത്യവിരുദ്ധമാണെന്നും “സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിമൂവല്‍” എന്ന രീതിയിലാണ് അവ നടന്നതെന്നും എം എ ബേബി വിമര്‍ശിച്ചു.

ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഡല്‍ഹിയില്‍നിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ ചിരിച്ചുകൊണ്ട് “പിന്നെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള തീരുമാനം കേരളത്തില്‍ തന്നെയായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയും തുടര്‍നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്ന സൂചനകളാണ് പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പുറത്തുവരുന്നത്.

You may also like