തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മാത്രം പ്രതിപക്ഷനേതൃസ്ഥാനത്തെ കുറിച്ച് തീരുമാനം മതിയെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. എൽഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള അനൗപചാരിക ചർച്ചകളിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നാണ് വിവരം.
തന്നേക്കാൾ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായാൽ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പിണറായി വിജയനെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സൂചന. പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന വിലയിരുത്തലും ശക്തമാണ്.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകില്ലെന്ന സൂചനയും ഇടത് മുന്നണിക്കുള്ളിൽ ശക്തമാണ്. ഉപനേതൃസ്ഥാനത്തെ കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ഉപനേതൃപദവി വേണമെന്ന സിപിഐയുടെ ആവശ്യം മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുന്നണി യോഗത്തിൽ ചർച്ച ചെയ്യുന്നതിന് മുൻപ് വിഷയം പരസ്യമാക്കിയതിലാണ് സിപിഎമ്മിന്റെ അതൃപ്തി.
ഇതിനിടെ, കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകിട്ട് ഏഴ് മണിയോടെ ദേശീയ നേതൃത്വം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ മുൻ കെപിസിസി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളും ഹൈക്കമാൻഡുമായി നിർണായക ചർച്ചകൾ നടത്തും.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിനുള്ളിലും യുഡിഎഫ് ഘടകകക്ഷികളിലും കടുത്ത അസന്തോഷം ഉയർന്ന പശ്ചാത്തലത്തിലാണ് ഇനി തീരുമാനം നീട്ടരുതെന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.

