Home Keralaതാമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്

താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്

by news_desk1
0 comments

കോഴിക്കോട്: താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായി കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളില്ലാത്തതിലെ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണികൾ മുരളീധരൻ നേരിട്ടിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു.

ഓട്ടോ സ്റ്റാൻഡിലെത്തി രണ്ടുതവണയും വീട്ടിലെത്തി ഒരുതവണയും ഭീഷണിപ്പെടുത്തിയതായി സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മുരളീധരൻ പലപ്പോഴും പങ്കുവെച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് കുടുംബത്തിന്റെ മൊഴി. ഉയർന്നിരിക്കുന്ന മറ്റ് ആരോപണങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും പാർക്ക് ചെയ്ത നിലയിലുണ്ടായിരുന്നു.

You may also like