ഇസ്ലാമാബാദ്: ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താനിലെ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ പാകിസ്താൻ തള്ളി. അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങൾ മറച്ചുവയ്ക്കാനാകില്ലെന്നും പാക് അധികൃതർ പ്രതികരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ ചില സൈനിക വിമാനങ്ങൾ റാവൽപിണ്ടിക്ക് സമീപമുള്ള നൂർ ഖാൻ വ്യോമതാവളത്തിലേക്ക് മാറ്റിയെന്നായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട്. നിരീക്ഷണത്തിനും ചരക്കുനീക്കത്തിനുമായി ഉപയോഗിക്കുന്ന വിമാനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ ആക്രമണ ഭീഷണിയെ തുടർന്ന് ഇറാൻ തന്റെ വ്യോമസേനാ ആസ്തികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതാണെന്ന സൂചനകളും റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു. എന്നാൽ ജനസാന്ദ്രത കൂടിയ പ്രദേശത്തുള്ള നൂർ ഖാൻ വ്യോമതാവളത്തിൽ ഇത്തരം നീക്കങ്ങൾ രഹസ്യമാക്കാൻ കഴിയില്ലെന്നാണ് പാകിസ്താന്റെ വിശദീകരണം.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യുഎസ് സെനറ്റർ ലിൻസേ ഗ്രഹാം പാകിസ്താനെ വിമർശിച്ച് രംഗത്തെത്തി. റിപ്പോർട്ട് ശരിയാണെങ്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥതയിൽ പാകിസ്താന്റെ പങ്ക് ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇറാൻ ചില സിവിലിയൻ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിലേക്ക് ഇറാൻ വിമാനങ്ങൾ മാറ്റേണ്ട സാഹചര്യമില്ലെന്നു താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പ്രതികരിച്ചു.

