Home Businessപ്രിൽ, ഫാ ബ്രാൻഡുകൾക്ക് വിട; ജ്യോതി ലാബ്‌സ് പുതിയ വളർച്ചാ തന്ത്രത്തിലേക്ക്

പ്രിൽ, ഫാ ബ്രാൻഡുകൾക്ക് വിട; ജ്യോതി ലാബ്‌സ് പുതിയ വളർച്ചാ തന്ത്രത്തിലേക്ക്

by news_desk1
0 comments

മുംബൈ: പ്രമുഖ എഫ്‌എം‌സിജി കമ്പനിയായ ജ്യോതി ലാബ്‌സിന് ജനപ്രിയ ബ്രാൻഡുകളായ ‘പ്രിൽ’യും ‘ഫാ’യും നഷ്ടമാകുന്നു. ജർമ്മൻ കമ്പനിയായ ഹെൻകെൽ, 2026 മെയ് 31ന് ശേഷം ഈ ബ്രാൻഡുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് മാറ്റം.

2011ൽ ഹെൻകലിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ ഏകദേശം പതിനഞ്ച് വർഷമായി പ്രിൽ, ഫാ ബ്രാൻഡുകളെ ഇന്ത്യൻ വിപണിയിൽ ശക്തമായി വളർത്തിയത് ജ്യോതി ലാബ്‌സായിരുന്നു. ലൈസൻസ് കാലാവധി അവസാനിക്കുന്നതോടെ ഈ ബ്രാൻഡുകൾ കമ്പനിയുടെ ഉൽപ്പന്ന നിരയിൽ നിന്ന് പിന്മാറും.

അതേസമയം ഹെൻകോ, മിസ്റ്റർ വൈറ്റ് എന്നീ ബ്രാൻഡുകൾ ജ്യോതി ലാബ്‌സിനൊപ്പമാകും തുടരുക. റോയൽറ്റിയില്ലാത്ത സ്ഥിര ലൈസൻസ് കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ കമ്പനിക്ക് കൈവശം തുടരുന്നത്.

മാർഗോ, നീം ടൂത്ത്‌പേസ്റ്റ്, തുഹിന, ചെക്ക് തുടങ്ങിയ കമ്പനിയുടെ സ്വന്തം ബ്രാൻഡുകൾക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ജ്യോതി ലാബ്‌സ് വ്യക്തമാക്കി. ഭാവിയിൽ സ്വന്തം ബ്രാൻഡുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി വിപണി വിഹിതം വർധിപ്പിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.

ഡിഷ് വാഷ് വിഭാഗത്തിൽ പ്രിലിന് പകരം സ്വന്തം ബ്രാൻഡായ ‘എക്‌സോ’യെ കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. എക്‌സോ ലിക്വിഡിനെ സമ്പൂർണ ഡിഷ് വാഷ് ബ്രാൻഡായി ഉയർത്താൻ കൂടുതൽ നിക്ഷേപവും വിപണന തന്ത്രങ്ങളും നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

You may also like