Home Keralaമുഖ്യമന്ത്രി തീരുമാനം കോൺഗ്രസിന്‍റെത്; വി ഡി സതീശനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

മുഖ്യമന്ത്രി തീരുമാനം കോൺഗ്രസിന്‍റെത്; വി ഡി സതീശനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

by news_desk1
0 comments

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടെന്ന പ്രചാരണം തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും ആരെ മുഖ്യമന്ത്രിയാക്കിയാലും സമസ്തയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിസ്ഥാനം വഹിക്കാൻ യോഗ്യരാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സംസ്ഥാന ഭരണം ഏറ്റെടുക്കുന്ന സർക്കാർ സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. തീരുമാനം വൈകാതെ ഉണ്ടാകണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വത്തിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് ജനങ്ങളോടുള്ള അവഗണനയാണെന്ന് എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി. ഭരണ മാറ്റത്തിന് വോട്ട് ചെയ്ത ജനങ്ങളുടെ പ്രതീക്ഷകളെ കോൺഗ്രസ് നേതൃത്വം നിരാശപ്പെടുത്തുകയാണെന്നും സുപ്രഭാതം വിമർശിച്ചു.

You may also like