Home Kerala‘ഡൽഹിയിൽ നിന്ന് അനുകൂല സൂചന’; വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം

‘ഡൽഹിയിൽ നിന്ന് അനുകൂല സൂചന’; വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. കോൺഗ്രസ് അനുകൂല നിരവധി സോഷ്യൽ മീഡിയ പേജുകളും അക്കൗണ്ടുകളും വി ഡി സതീശനെ അഭിനന്ദിച്ച് പോസ്റ്റുകളും ഡിജിറ്റൽ കാർഡുകളും പങ്കുവെക്കുകയാണ്. “ഡൽഹിയിൽ നിന്ന് അനുകൂല സിഗ്നൽ ലഭിച്ചു” എന്ന തരത്തിലുള്ള പ്രചാരണവും ശക്തമാണ്.

അതേസമയം, ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് ഇന്ന് അന്തിമതീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക ചർച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് വിവരം.

കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അവസാനഘട്ട ചർച്ചകളിൽ പ്രധാനമായി പരിഗണിക്കപ്പെടുന്നത്. ആരെയാകും ഹൈക്കമാൻഡ് തെരഞ്ഞെടുക്കുക എന്ന ആകാംക്ഷയിലാണ് യുഡിഎഫ് ക്യാമ്പും രാഷ്ട്രീയ നിരീക്ഷകരും.

തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ കേരളത്തിലെ അനിശ്ചിതത്വം സഖ്യകക്ഷികളെയും അസ്വസ്ഥരാക്കുന്നുണ്ട്.

ഇന്ന് വൈകീട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പ്രതികരിച്ചത്.

അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് മുസ്ലിം ലീഗിന്റെ വലിയൊരു വിഭാഗമെന്ന വിലയിരുത്തലും ശക്തമാണ്. പ്രഖ്യാപനം വീണ്ടും വൈകിയാൽ അതിന് രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും സഖ്യകക്ഷികളിൽ നിന്ന് ഉയരുന്നുണ്ട്.

You may also like