Home Nationalമണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾക്ക് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾക്ക് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

by news_desk1
0 comments

ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിൽ ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

കുക്കി വിഭാഗത്തിൽപ്പെട്ട സഭാ പ്രവർത്തകരാണ് ആക്രമണത്തിന് ഇരയായത്. പതിയിരുന്ന് നടത്തിയ ആക്രമണത്തിലാണ് മരണവും പരിക്കുകളും ഉണ്ടായത്.

താദൗ ബാപ്തിസ്റ്റ് അസോസിയേഷനുമായി ബന്ധമുള്ള സിത്‌ലൗ, കയ്ഗുലുൻ, പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സിത്‌ലൗ മണിപ്പൂർ ബാപ്തിസ്റ്റ് കൺവെൻഷന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു.

ഹോപ്പു, ഹക്കി സിംപ്‌തെ, പോത്താങ് എന്നിവർക്കൊപ്പം വാഹന ഡ്രൈവർമാരായ ലാലൻ, ഗൗമാങ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുരാചന്ദ്പൂരിലെ ലംകയിൽ സംഘടിപ്പിച്ച താദൗ ബാപ്തിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കാങ്‌പോക്പിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നാലെ ദേശീയപാത 2 പ്രതിഷേധക്കാർ ഉപരോധിച്ചു. ഇതോടെ മണിപ്പൂരിന്റെയും നാഗാലാൻഡിന്റെയും ഗതാഗത ബന്ധം താൽക്കാലികമായി തടസപ്പെട്ടു.

ആക്രമണത്തിൽ പ്രതിഷേധിച്ച് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷനും രംഗത്തെത്തി. നിരപരാധികളായ ആളുകളെയാണ് ലക്ഷ്യമിട്ടതെന്ന് സംഘടന ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രദേശത്ത് ബന്ദിനും ആഹ്വാനം ചെയ്തു.

You may also like