Home Top Storiesമുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീണ്ടു; നാളെ തീരുമാനം, ദീപാദാസ് മുൻഷി കേരളത്തിലേക്ക്

മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീണ്ടു; നാളെ തീരുമാനം, ദീപാദാസ് മുൻഷി കേരളത്തിലേക്ക്

by news_desk1
0 comments

ന്യൂഡൽ‍ഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടായില്ല. അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. രാവിലെ 11 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നാളെ കേരളത്തിലെത്തും. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായാണ് ഇവരുടെ സന്ദർശനം.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നിർണായക കൂടിക്കാഴ്ച നടത്തി. ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നാലെ മാധ്യമങ്ങളെ കണ്ട എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് നാളെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചത്.

യോഗത്തിന് മുൻപ് മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയുമായും കൊടിക്കുന്നിൽ സുരേഷുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തിയതായും വിവരം ലഭിച്ചു.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനം പുറത്തുവന്നതിന് ശേഷമുള്ള രാഷ്ട്രീയ നടപടികൾ പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like