ഡൽഹി: രാജ്യത്തെ പൊതു വാഹനങ്ങളിലും ടാക്സികളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനം നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലൊക്കേഷൻ ട്രാക്കിങ് ഉപകരണം സ്ഥാപിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.
പുതിയ വാഹനങ്ങൾക്കൊപ്പം നിലവിൽ സർവീസ് നടത്തുന്ന വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും പാനിക് ബട്ടണും സമയബന്ധിതമായി സ്ഥാപിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടി.
പുതിയ സംവിധാനങ്ങളുടെ വിവരങ്ങൾ ‘വാഹൻ’ ആപ്ലിക്കേഷനിലും പുതുക്കി രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോഴും ചില വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ഇല്ലാത്തത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

