ഹൈദരാബാദ്: പെദ്ധിയുടെ ദൈർഘ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സിനിമാപ്രേമികളിൽ വലിയ ചർച്ചയാകുന്നു. രാം ചരണ്‍ നായകനാകുന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈം മൂന്ന് മണിക്കൂറും പത്ത് മിനിറ്റുമാണെന്നാണ് പുറത്തുവരുന്ന വിവരം.
ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂൺ 4-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മിക്കുന്നത്.
മുൻപ് മാർച്ചിലും പിന്നീട് ഏപ്രിലിലുമായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, ചിത്രീകരണ ജോലികൾ വൈകിയതിനെ തുടർന്നാണ് ജൂണിലേക്ക് മാറ്റിയത്. ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറിന് മുകളിലാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ ആരാധകരെ അതിശയിപ്പിക്കുന്നത്.
ചിത്രത്തിനായി എ ആർ റഹ്മാൻ ഒരുക്കിയ പ്രത്യേക ഗാനം അടുത്തിടെ ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ചിത്രീകരിച്ച് പൂർത്തിയാക്കിയിരുന്നു. ഈ ഗാനമാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഒരു പെഹൽവാന്റെ കഥാപാത്രമായാണ് രാം ചരൺ ചിത്രത്തിൽ എത്തുന്നത്. ഗുസ്തിയും ക്രിക്കറ്റും പശ്ചാത്തലമാകുന്ന കഥയാണ് ചിത്രത്തിനുള്ളതെന്ന സൂചനകളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിൽ രാം ചരണിന്റെ ശാരീരിക പരിവർത്തനവും വലിയ ചർച്ചയായിരുന്നു.
ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. മാസ് ആക്ഷനും വികാരനിറഞ്ഞ കഥയും ചേർന്ന വലിയ തിയേറ്റർ അനുഭവമായിരിക്കും ‘പെദ്ധി’യെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ.

