ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റവുമാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായത്.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 97.77 രൂപയിലും ഡീസല്‍ വില 90.67 രൂപയിലും എത്തി. കൊല്‍ക്കത്തയില്‍ പെട്രോള്‍ 108.74 രൂപയും ഡീസല്‍ 95.13 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 103.67 രൂപയും ഡീസലിന് 93.14 രൂപയുമാണ് പുതിയ വില. ചെന്നൈയില്‍ ഡീസല്‍ വില 95.25 രൂപയായി ഉയര്‍ന്നു.
കേരളത്തിലും വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി. കോഴിക്കോട് നഗരപ്രദേശങ്ങളില്‍ പെട്രോള്‍ വില 109.07 രൂപയും ഡീസല്‍ 97.96 രൂപയുമായി ഉയര്‍ന്നു. ഗ്രാമീണ മേഖലകളില്‍ പെട്രോളിന് 109.37 രൂപയും ഡീസലിന് 98.23 രൂപയുമാണ് നിലവിലെ നിരക്ക്.
തുടര്‍ച്ചയായ ഇന്ധനവില വര്‍ധന ഗതാഗതച്ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വീണ്ടും ഉയര്‍ത്തുമെന്ന ആശങ്ക ശക്തമാകുകയാണ്.

