ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയും കൊടുങ്കാറ്റും വിതച്ച നാശത്തില്‍ 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. 72 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ 26 ജില്ലകളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു.
ദുരന്തത്തില്‍ 170ഓളം മൃഗങ്ങളും ചത്തു. 227 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും അധികൃതര്‍ അറിയിച്ചു. മരം വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്.
ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് പ്രയാഗ്‌രാജ് ജില്ലയിലാണ്. ഇവിടെ 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മിര്‍സാപുരില്‍ 19 പേരും ഭദോഹിയില്‍ 16 പേരും ഫത്തേഹ്പുരില്‍ 11 പേരും ബരെയ്‌ലിയില്‍ രണ്ട് പേരും മരിച്ചു.
മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മേഖലകളില്‍ അടിയന്തര സഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്തബാധിത കുടുംബങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

