Home Sportsപഞ്ചാബിന് അഞ്ചാം തോൽവി; ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ, ലക്നൗവിനെതിരായ മത്സരം നിർണ്ണായകം

പഞ്ചാബിന് അഞ്ചാം തോൽവി; ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ, ലക്നൗവിനെതിരായ മത്സരം നിർണ്ണായകം

by news_desk
0 comments

ധരംശാല: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ പരാജയത്തോടെ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ആദ്യ ആറ് മത്സരങ്ങളിൽ തകർപ്പൻ ജയം നേടിയ ശേഷം തുടർച്ചയായ അഞ്ചാം തോൽവിയാണ് പഞ്ചാബ് വഴങ്ങിയത്. തോൽവിയോടെ, പോയിന്റ് പട്ടികയിൽ 13 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത 42.7 ശതമാനമായി ഇടിഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലക്നൗ സൂപ്പർ ജയന്റ്സ് എന്നിവർക്കെതിരെയുള്ള ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ പഞ്ചാബിന് പരമാവധി 17 പോയിന്റോടെ പ്ലേ ഓഫിൽ കടക്കാനാകൂ.

അതേസമയം, പഞ്ചാബിന്റെ ഈ പരാജയം ചെന്നൈ സൂപ്പർ കിംഗ്സിന് വലിയ അനുകൂലഘടകമായി മാറി. 12 പോയിന്റുള്ള ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത 47 ശതമാനമായി ഉയർന്നു. ഇന്ന് നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വിജയിക്കാനായാൽ ചെന്നൈക്ക് 14 പോയിന്റോടെ പഞ്ചാബിനെ മറികടന്ന് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാം. എന്നാൽ, അവസാന രണ്ട് മത്സരങ്ങളിൽ കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെയും ഗുജറാത്ത് ടൈറ്റൻസിനെയുമാണ് ചെന്നൈക്ക് നേരിടേണ്ടത് എന്നത് വലിയ വെല്ലുവിളിയാണ്.

പഞ്ചാബിന്റെ തോൽവി ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനും ഗുണം ചെയ്തു. രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത 47.1 ശതമാനമായി വർദ്ധിച്ചു. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ആർസിബി, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളും ഇതോടെ കൂടുതൽ ശക്തമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുടെ സാധ്യതകളിൽ നേരിയ മാറ്റങ്ങളുണ്ടായെങ്കിലും പ്ലേ ഓഫ് ഉറപ്പാക്കാൻ ഇവർക്ക് അത്ഭുതങ്ങൾ സംഭവിക്കേണ്ടതുണ്ട്. ഇതോടെ ഐപിഎല്ലിലെ നാലാം സ്ഥാനത്തിനായുള്ള പോരാട്ടം ചെന്നൈയും പഞ്ചാബും തമ്മിൽ കടുക്കുമെന്ന് ഉറപ്പായി.

You may also like