Home Localവിരലിലെ കടിയേറ്റ പാടിൽ കുടുങ്ങി പ്രതി; വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ

വിരലിലെ കടിയേറ്റ പാടിൽ കുടുങ്ങി പ്രതി; വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ

by news_desk1
0 comments

മലപ്പുറം: പറപ്പൂരിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒന്നാം വാർഡ് ഇല്ലിപ്പുലാക്കൽ ലക്ഷംവീട് ഉന്നതിയിലെ ചീരക്കുഴിയിൽ വിലാസിനി (61)യെ ആക്രമിച്ച കേസിലാണ് ഭർത്താവിന്റെ സഹോദരപുത്രൻ ശ്രീരാഗ് (36) പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽ വിലാസിനി മാത്രമായിരുന്ന സമയത്ത് അടുക്കള വാതിലിന്റെ കുറ്റി തകർത്താണ് പ്രതി അകത്ത് കയറിയത്. ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ ഭയന്ന് നിലവിളിച്ചതോടെ പ്രതി കൈയിലുണ്ടായിരുന്ന പുതപ്പ് കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിരോധത്തിനിടെ വിലാസിനി ആക്രമിയുടെ വിരലിൽ കടിച്ചു. ഇതാണ് കേസിൽ നിർണായക തെളിവായത്. സംഭവത്തിന് പിന്നാലെ ശ്രീരാഗിന്റെ വിരലിലെ പരിക്ക് കണ്ട സഹോദരിക്ക് സംശയം തോന്നി. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

തുടർന്ന് കുടുംബാംഗങ്ങൾ തന്നെ ശ്രീരാഗിനെ പൊലീസിന് കൈമാറി. വേങ്ങര ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

You may also like