കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും പ്രവർത്തന ശൈലിയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന വിമർശനമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്.
ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നേതൃത്വത്തിന് ധാർഷ്ട്യപരമായ സമീപനമാണുണ്ടായതെന്നും എം വി ഗോവിന്ദൻ ഏകാധിപത്യ ശൈലിയിലാണ് പ്രവർത്തിച്ചതെന്നും അംഗങ്ങൾ ആരോപിച്ചു. പിണറായി വിജയന്റെ അഹങ്കാരപരമായ നിലപാടുകളും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
അഴീക്കോടൻ മന്ദിരത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമർശനങ്ങൾ ശക്തമായത്. ഭരണവിരുദ്ധ വികാരത്തേക്കാൾ നേതൃത്വത്തിന്റെ സമീപനമാണ് വോട്ടർമാരെ അകറ്റിയതെന്നാണ് വിലയിരുത്തൽ. പയ്യന്നൂരിൽ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
പയ്യന്നൂരിൽ ടി ഐ മധുസൂദനൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിലയിരുത്തലിലായിരുന്നു നേതൃത്വം. എന്നാൽ ഏഴായിരത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടത് സംഘടനാ ദൗർബല്യം തുറന്നുകാട്ടിയെന്നാണ് വിമർശനം. ബി ജെ പി വോട്ടുമാറ്റം ഉണ്ടായിരുന്നാലും തോൽവിയെ ന്യായീകരിക്കാനാവില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി. എൻ സുകന്യയുടെ പേരും പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ പി കെ ശ്യാമളയുടെ പേര് മാത്രം ഉൾപ്പെടുത്തിയതായും ഇത് പ്രവർത്തകരിൽ അതൃപ്തി സൃഷ്ടിച്ചതായും യോഗത്തിൽ ആരോപണം ഉയർന്നു.
ടി കെ ഗോവിന്ദൻ പാർട്ടി വിടാൻ പോകുന്ന വിവരം മുൻകൂട്ടി അറിയാമായിരുന്നിട്ടും അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിച്ചില്ലെന്നും “പോകുന്നെങ്കിൽ പോകട്ടെ” എന്ന സമീപനമാണ് സ്വീകരിച്ചതെന്നും ചില അംഗങ്ങൾ വിമർശിച്ചു. തളിപ്പറമ്പിൽ ഉണ്ടായ വോട്ട് ചോർച്ചയും പാർട്ടി വിമത നിലപാടുകളും ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
“പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തും” എന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു. ആന്തൂർ, മലപ്പട്ടം, മയ്യിൽ തുടങ്ങിയ മേഖലകളിലെ വോട്ടിടിവ് അതിന്റെ സൂചനയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ധർമ്മടത്ത് ആറാം റൗണ്ട് വരെ പിണറായി വിജയൻ പിന്നിലായിരുന്നത് പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയെന്നും യോഗത്തിൽ പരാമർശമുണ്ടായി.
മട്ടന്നൂർ, കല്യാശേരി, അഴിക്കോട് മണ്ഡലങ്ങളിലെ വോട്ട് കുറവും കണ്ണൂർ മണ്ഡലം നഷ്ടമായതും വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചതും സംഘടനാ തകർച്ചയുടെ സൂചനയായാണ് യോഗം വിലയിരുത്തിയത്.
എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഉയർന്ന വിമർശനങ്ങൾ പാർട്ടിക്കുള്ളിലെ അതൃപ്തി കൂടുതൽ വ്യക്തമാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പരാജയകാരണം വിശദമായി പരിശോധിക്കാൻ ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയും തുടരും.

