വാഷിംഗ്ടൺ: യുറേനിയം സമ്പുഷ്ടീകരണം, ഉപരോധങ്ങൾ നീക്കൽ, യുദ്ധനഷ്ടപരിഹാരം എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് നയതന്ത്ര ചർച്ചകൾ മരവിച്ചുനിൽക്കെ, ഇറാനെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമയം അതിവേഗം കടന്നുപോവുകയാണെന്നും ഉടനടി അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ഇറാന്റെ പൊടിപോലും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് മുന്നോട്ടുവെച്ച കടുത്ത ഉപാധികൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി.
ഇറാൻ കൈവശമുള്ള 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് കൈമാറണം, ഇറാന്റെ ഒരേയൊരു ആണവനിലയം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ, യുദ്ധനഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇറാൻ ഉപേക്ഷിക്കണം, വിദേശത്ത് മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ അങ്ങനെ തന്നെ തുടരും, ചർച്ചകൾ പൂർത്തിയാകാതെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കില്ല എന്നിവയാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥകൾ. എന്നാൽ ഇതിന് പ്രതികരണമായി ഇറാനും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ സൈനിക നീക്കങ്ങൾ യുഎസ് അവസാനിപ്പിക്കുക, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, വിദേശത്തെ ആസ്തികൾ മരവിപ്പിച്ച തീരുമാനം റദ്ദാക്കുക, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരം ഇറാന്റേതാണെന്ന് അംഗീകരിക്കുക എന്നീ ആവശ്യങ്ങളാണ് ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെക്കുന്നത്.
അതേസമയം, രാജ്യത്തിനുള്ളിലെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇറാനെ അസ്ഥിരപ്പെടുത്താനുമാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ആരോപിച്ചു. പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ അയൽരാജ്യങ്ങൾ അവരുടെ മണ്ണ് ഇസ്രയേലിനും യുഎസിനും കരുനീക്കങ്ങൾ നടത്താനായി വിട്ടുനൽകാതിരുന്നതാണ് ഈ സഖ്യത്തിന്റെ പദ്ധതികൾ തകരാൻ കാരണമെന്ന് പറഞ്ഞ അദ്ദേഹം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഉപാധികളിൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ മേഖലയിലെ യുദ്ധാന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാകുകയാണ്.

