Home Nationalഎയർ ഇന്ത്യ വിമാനാപകടം: കോക്ക്പിറ്റ് സ്റ്റിയറിങ് ഇറുക്കിപ്പിടിച്ച നിലയിൽ പൈലറ്റിന്റെ മൃതദേഹം; മോർച്ചറിയിലെ ദാരുണ കാഴ്ചകൾ വെളിപ്പെടുത്തി ദൃക്സാക്ഷി

എയർ ഇന്ത്യ വിമാനാപകടം: കോക്ക്പിറ്റ് സ്റ്റിയറിങ് ഇറുക്കിപ്പിടിച്ച നിലയിൽ പൈലറ്റിന്റെ മൃതദേഹം; മോർച്ചറിയിലെ ദാരുണ കാഴ്ചകൾ വെളിപ്പെടുത്തി ദൃക്സാക്ഷി

by news_desk
0 comments

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മോർച്ചറിയിലെ മനസ്സിനെ ഉലയ്ക്കുന്ന ദാരുണമായ കാഴ്ചകൾ വെളിപ്പെടുത്തി ദൃക്സാക്ഷി. അപകടത്തിൽ തന്റെ അമ്മായി യാഷ്മിൻ, ലണ്ടനിൽ ജോലി ചെയ്തിരുന്ന സഹോദരൻ പർവേസ്, മൂന്ന് വയസ്സുള്ള അനന്തരവൾ എന്നിവരെ നഷ്ടപ്പെട്ട റോമിൻ വൊഹ്‌റയെന്ന യുവാവാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോർച്ചറിക്കുള്ളിലെ നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. കോവിഡ് കാലത്ത് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പാത്തോളജി ലാബ് അസിസ്റ്റന്റായി പ്രവർത്തിച്ച പരിചയമുള്ളതിനാലാണ് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ റോമിന് മോർച്ചറിക്കുള്ളിലേക്ക് പ്രവേശനം ലഭിച്ചത്.

കണ്ണിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത അത്ര ഭയാനകമായ അവസ്ഥയായിരുന്നു ഉള്ളിലെന്ന് റോമിൻ പറയുന്നു. പല മൃതദേഹങ്ങളും വേർപെട്ട നിലയിലായിരുന്നു. തറയിൽ അരികുകളിലായി കിടത്തിയിരുന്ന ശരീരങ്ങൾക്കിടയിൽ, കത്തിക്കരിഞ്ഞ നിലയിലും സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു കിടന്ന ഒരു അമ്മയുടെ ദൃശ്യം മനസ്സിനെ തളർത്തുന്നതായിരുന്നു. എന്നാൽ, ഇതിലേറ്റവും ശ്രദ്ധേയമായത് തകർന്നു വീണ എയർ ഇന്ത്യ AI-171 വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹമായിരുന്നു.

ക്യാപ്റ്റന്റെ മൃതദേഹം വിമാനം നിയന്ത്രിക്കുന്ന സ്റ്റിയറിങ് കോളം ഇറുക്കിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് മോർച്ചറിയിൽ കണ്ടതെന്ന് റോമിൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുറക് വശം കത്തിക്കരിഞ്ഞ നിലയിലായിരുന്നെങ്കിലും മുൻഭാഗത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. വെള്ള യൂണിഫോം ഷർട്ടും തോളിലെ സ്വർണ്ണ വരകളും കറുത്ത ടൈയും പാന്റും ഷൂവുമെല്ലാം അതുപോലെ തന്നെയുണ്ടായിരുന്നു. കോക്ക്പിറ്റിൽ നിന്നും അദ്ദേഹത്തിന്റെ ശരീരം പുറത്തെടുക്കുമ്പോൾ വിമാനത്തിന്റെ സ്റ്റിയറിങ് ഭാഗം ഇളകിപ്പോന്നതാകാം എന്നാണ് കരുതുന്നത്. അവസാന നിമിഷം വരെ ദുരന്തമൊഴിവാക്കാൻ ക്യാപ്റ്റൻ സബർവാൾ കഠിനമായി ശ്രമിച്ചിരുന്നുവെന്ന വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ വെളിപ്പെടുത്തൽ.

ജൂൺ 12-നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്നത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം വിച്ഛേദിക്കപ്പെട്ടിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു. എന്തിനാണ് ഇന്ധന വിതരണം തടസ്സപ്പെടുത്തിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോൾ, താൻ അത് ചെയ്തിട്ടില്ലെന്ന് അടുത്ത പൈലറ്റ് മറുപടി പറയുന്ന കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിലെ സംഭാഷണങ്ങൾ പുറത്തുവന്നത് വലിയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സബർവാളിന്റെ കുടുംബവും പൈലറ്റ് സംഘടനകളും ഈ സംശയങ്ങളെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ രണ്ട് പൈലറ്റുമാരും ജീവനോടെയില്ലെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ആരും മുൻവിധിയിലെത്തരുതെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസത്തോടെ അപകടത്തെക്കുറിച്ചുള്ള സമഗ്രമായ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുമെന്നാണ് വിവരം.

You may also like