ബദിയടുക്ക: ക്രിക്കറ്റ് കളിക്കിടെ മകനുമായുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായി അച്ഛനെ കുത്തിക്കൊലപ്പെടുത്തി. കാസർകോഡ് ബദിയടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുംബഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷിന്റെ മകനും പ്രതികളും തമ്മിൽ കളിയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്. രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്ന സുരേഷിനെ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന് അഖിലേഷ് ഒത്താശ ചെയ്യുകയും കൂട്ടുനിൽക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിലുള്ള പ്രതികൾക്കായി ബദിയടുക്ക പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

