കൊല്ലം: കൊല്ലം ആശ്രാമം ഇഎസ്ഐ മോഡല്‍ ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിയുക്ത ആരോഗ്യമന്ത്രി കെ മുരളീധരന് ആദ്യ നിവേദനം. എന്‍.കെ. പ്രേമചന്ദ്രന് എംപിയാണ് മന്ത്രിയെ നേരില്‍ കണ്ടു നിവേദനം കൈമാറിയത്.
മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനാവശ്യമായ സംസ്ഥാന സര്‍ക്കാരിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍ഗണന നല്‍കാമെന്ന് കെ മുരളീധരന് ഉറപ്പ് നല്‍കിയതായി പ്രേമചന്ദ്രന് അറിയിച്ചു. മുന്‍ സര്‍ക്കാര്‍ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
അതേസമയം, ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജാക്കുന്നതിനായുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് 2026 ജനുവരി 7നാണെന്നും, 196-ാമത് ഇഎസ്ഐ കോണ്‍ഫറന്‍സില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചതെന്നും അന്ന് വിശദീകരിച്ചിരുന്നു.
എന്നാല്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ് ആറുമാസത്തിന് ശേഷമാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും മുന്‍ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. വിഷയത്തില്‍ പുതിയ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍.

