Home Autoആഡംബരത്തിന്റെ പുതിയ മുഖമായി ബിഎംഡബ്ല്യു ആൽപിന വിഷൻ; 2027ൽ ആദ്യ മോഡൽ വിപണിയിലേക്ക്

ആഡംബരത്തിന്റെ പുതിയ മുഖമായി ബിഎംഡബ്ല്യു ആൽപിന വിഷൻ; 2027ൽ ആദ്യ മോഡൽ വിപണിയിലേക്ക്

by news_desk1
0 comments

ജർമ്മൻ വാഹന നിർമാതാക്കളായ BMW പുതിയ ആഡംബര ഗ്രാൻഡ് ടൂറർ കൺസെപ്റ്റായ ‘ആൽപിന വിഷൻ’ അവതരിപ്പിച്ചു. ഇറ്റലിയിൽ നടന്ന  കോൺകോർസോ ഡി’എലഗൻസ വില്ല ഡി’എസ്റ്റെയിൽ വേദിയിലാണ് ഈ കൺസെപ്റ്റ് മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്. ഭാവിയിലെ ആൽപിന മോഡലുകളുടെ രൂപകൽപ്പനയും സാങ്കേതിക ദിശയും വ്യക്തമാക്കുന്ന വാഹനമെന്ന നിലയിലാണ് ഇതിനെ വിലയിരുത്തുന്നത്.

ആകർഷക ഗ്രാൻഡ് ടൂറർ ഡിസൈൻ

അഞ്ച് മീറ്ററിലധികം നീളമുള്ള ആൽപിന വിഷൻ കൂപ്പെ മോഡലിന് നീളമുള്ള ബോണറ്റും താഴ്ന്ന ബോഡി സ്റ്റാൻസും ഉൾപ്പെടുന്ന ക്ലാസിക് ഗ്രാൻഡ് ടൂറർ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ഐതിഹാസിക മോഡലായ 507ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘ഷാർക്ക് നോസ്’ ഫ്രണ്ട് ഡിസൈനും സ്ലിം ഇലുമിനേറ്റഡ് കിഡ്നി ഗ്രില്ലും വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

ക്രിസ്റ്റൽ ഫിനിഷുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വാം വൈറ്റ് ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുന്നിൽ 22 ഇഞ്ചും പിന്നിൽ 23 ഇഞ്ചും വലിപ്പമുള്ള മൾട്ടി-സ്പോക്ക് അലോയ് വീലുകൾ എന്നിവയും വാഹനത്തിന് വ്യത്യസ്ത ഭംഗി നൽകുന്നു. പിൻഭാഗത്ത് സ്ലിം ടെയിൽ ലാമ്പുകളും ക്വാഡ് എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഡംബര ക്യാബിനും പുതിയ ഐഡ്രൈവും

ഡ്യുവൽ-ടോൺ ഇന്റീരിയറോടുകൂടിയ കാബിനിൽ ഫുൾ ഗ്രെയിൻ ലെതർ, ഓപ്പൺ പോർ വുഡ്, മെഷീൻഡ് മെറ്റൽ ഫിനിഷുകൾ തുടങ്ങിയ പ്രീമിയം മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ‘പനോരമിക് ഐഡ്രൈവ്’ സംവിധാനവും ഫുൾ-വിഡ്ത്ത് ഡിസ്‌പ്ലേയും കാറിന്റെ സാങ്കേതിക മികവ് ഉയർത്തുന്നു. പ്രത്യേക പാസഞ്ചർ ഡിസ്പ്ലേയും പുതിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരുത്തായി വി8 എഞ്ചിൻ

പൂർണ ഇലക്ട്രിക് വാഹനങ്ങളിലേക്ക് വിപണി നീങ്ങുന്ന സാഹചര്യത്തിലും ആൽപിന വിഷൻ കൺസെപ്റ്റിൽ മുന്നിൽ ഘടിപ്പിച്ച വി8 എഞ്ചിനാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. 4.4 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചിനായിരിക്കും പ്രൊഡക്ഷൻ പതിപ്പിൽ എത്തുകയെന്നാണ് സൂചന. ആൽപിനയുടെ സവിശേഷ എക്‌സ്‌ഹോസ്റ്റ് ശബ്ദം നൽകുന്ന രീതിയിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.

2027ൽ ആദ്യ പ്രൊഡക്ഷൻ മോഡൽ

ആൽപിന വിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആദ്യ പ്രൊഡക്ഷൻ മോഡൽ 2027ൽ പുറത്തിറങ്ങും. ഇത് BMW 7 Series അടിസ്ഥാനമാക്കിയുള്ള ആഡംബര മോഡലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ BMW X7 എസ്‌യുവിയിലും ആൽപിന പതിപ്പ് എത്തുമെന്ന് കമ്പനി സൂചന നൽകിയിട്ടുണ്ട്.

You may also like