കൊച്ചി: മോഡലിങ് അവസരങ്ങളുടെ പേരിൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അന്വേഷണം കൂടുതൽ വ്യാപിക്കുന്നു. കേസിലെ മുഖ്യപ്രതിയുടേതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്ന വാട്സ്ആപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെയാണ് കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്.
പുറത്തുവന്നതായി പറയുന്ന ഡിജിറ്റൽ രേഖകളിൽ യുവതികളുടെ ചിത്രങ്ങൾ വിവിധ വ്യക്തികൾക്ക് കൈമാറുകയും തുടർന്ന് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആശയവിനിമയം നടന്നതായും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഈ സന്ദേശങ്ങളുടെ ആധികാരികത ഫോറൻസിക് പരിശോധനയിലൂടെ ഉറപ്പാക്കും.
കേസിലെ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് നടപടി ഉണ്ടായത്. തുടർന്ന് വിശദമായ ചോദ്യംചെയ്യൽ ആരംഭിച്ചിട്ടുണ്ട്.
സംഭവം സംഘടിത സ്വഭാവമുള്ള ഗുരുതര കുറ്റകൃത്യമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്ര അന്വേഷണം നടക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. കേസിൽ ഗുണ്ടാബന്ധം, സാമ്പത്തിക ഇടപാടുകൾ, വിദേശ ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം മോഡലിങ് പരിശീലനം, വിദേശ ഫാഷൻ ഷോകൾ, വീഡിയോ ചിത്രീകരണം, ആഡംബര താമസം എന്നിവ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് കണ്ടെത്തൽ. യാത്രയ്ക്കുള്ള രേഖകൾ, വിസ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുവന്ന ഒരു യുവതി ഗുരുതര പീഡന ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ലഹരി കലർത്തിയ പാനീയം നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
കേസിൽ നിലവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

