Home Keralaമോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വലയിലാക്കിയ സെക്സ് റാക്കറ്റ്; മുഖ്യസൂത്രധാരി സിന്ധുവിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അടങ്ങുന്ന നിർണ്ണായക തെളിവുകൾ പുറത്ത്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വലയിലാക്കിയ സെക്സ് റാക്കറ്റ്; മുഖ്യസൂത്രധാരി സിന്ധുവിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അടങ്ങുന്ന നിർണ്ണായക തെളിവുകൾ പുറത്ത്

by news_desk
0 comments

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് കൈമാറിയ കേസിൽ മുഖ്യസൂത്രധാരി സിന്ധുവിനെതിരെ നിർണ്ണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് വിലപേശൽ നടത്തുന്നതിന്റെ സ്ക്രീൻഷോട്ടുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവാണ് ഈ അന്താരാഷ്ട്ര പെൺവാണിഭക്കേസിന്റെ പ്രധാന ആസൂത്രകയെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം ഓരോരുത്തരെയും വിൽക്കുന്നതിനായി ഇടപാടുകാരുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും വൻ തുകയുടെ പണമിടപാട് വിവരങ്ങളും പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. ദുബായിൽ വൻ ഫാഷൻ ഷോ നടക്കുന്നുണ്ടെന്നും ഇതിൽ പങ്കെടുത്താൽ മികച്ച അവസരങ്ങൾ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇവർ മോഡലിങ് രംഗത്തുള്ള യുവതികളെ വലയിലാക്കിയിരുന്നത്.

യുവതികളെ ദുബായിൽ എത്തിക്കുന്നതിനായി വിസ ഉൾപ്പെടെയുള്ള മുഴുവൻ യാത്രാ സൗകര്യങ്ങളും ഒരുക്കി നൽകിയത് സിന്ധു നേരിട്ടാണ്. അവിടെയെത്തിച്ച ശേഷമാണ് ഇവരെ ഭീഷണിപ്പെടുത്തി പെൺവാണിഭ സംഘങ്ങൾക്ക് കൈമാറിയത്. ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് സ്ത്രീകളെ കൂടി ഇനി പിടികൂടാനുണ്ട്. ഇവർ നിലവിൽ വിദേശത്താണെന്നാണ് വിവരം. ഇവരെ അടിയന്തിരമായി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പെൺകുട്ടികൾ ഈ സംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്.

You may also like