Home Top Storiesപെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ: അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ: അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം

by news_desk
0 comments

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച വസ്തുതകൾ സമഗ്രമായി പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് മന്ത്രി കർശന നിർദേശം നൽകി. മുൻ എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് ഈ വിവാദ പരോൾ നടപടികൾക്ക് അനുമതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോർട്ട് ലഭിച്ച ശേഷം ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കേട്ടുകേൾവിയില്ലാത്ത വിധം കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രധാന പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചിരിക്കുന്നത്.

ഇതിനിടെ, പെരിയ കേസിൽ കൃത്യമായ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സമഗ്രമായ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം രംഗത്തെത്തി. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കാളികളായ പലരും ഇപ്പോഴും പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പുനരന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ എന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുൻ സർക്കാരിൽ നിന്ന് തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ പത്ത് പ്രതികളോളം പരോളിലിറങ്ങി നാട്ടിലെത്തിയിട്ടുണ്ടെന്നും കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഭരണകൂട ഒത്താശയോടെ ലഭിക്കുന്നുണ്ടെന്നും സത്യനാരായണൻ പറഞ്ഞു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജയിൽ വകുപ്പ് 20 ദിവസത്തെ പരോൾ അനുവദിച്ചത്. ഇവർ അഞ്ചുപേരും കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സാധാരണ പരോൾ മാത്രമാണിതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഒന്നാം പ്രതിയായ പീതാംബരന് ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ മുൻ സർക്കാരിന്റെ കാലത്തുണ്ടായ ഇത്തരം വിവാദ തീരുമാനങ്ങളിൽ ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

You may also like