തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയും രംഗത്തിറങ്ങുന്നു. ചാത്തന്നൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറാണ് എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച നാമനിർദ്ദേശ പത്രിക ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് സമർപ്പിച്ചു. ഭരണകക്ഷിയായ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷമായ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി എ.സി. മൊയ്തീനും മത്സരിക്കുന്നതിനിടയിലാണ് മൂന്നാം ശക്തിയായി ബിജെപിയും മത്സരരംഗത്തേക്ക് വരുന്നത്.
പതിനാറാം കേരള നിയമസഭയിൽ ബിജെപിക്ക് മൂന്ന് എംഎൽഎമാരാണുള്ളത്. മൂന്ന് പ്രതിപ്രതിനിധികളും ഇന്ന് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. അക്ഷരമാലാ ക്രമത്തിൽ ബി.ബി. ഗോപകുമാർ 33-ാമനായും വി. മുരളീധരൻ 64-ാമനായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 83-ാമനായുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സഭയിലെ തങ്ങളുടെ സാന്നിധ്യം പാർട്ടിയുടെ നിരന്തരമായ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്നും തങ്ങൾക്ക് വോട്ട് ചെയ്ത 30 ലക്ഷത്തോളം ജനങ്ങളുടെ ആവശ്യങ്ങൾക്കായി നിയമസഭയ്ക്കുള്ളിൽ ശക്തമായി പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപി നേതാക്കളും പ്രവർത്തകരും നിയമസഭയിലേക്ക് എത്തിയത്. വൻ ജനപങ്കാളിത്തത്തോടെയുള്ള പ്രകടനമായാണ് എംഎൽഎമാർ സഭയിലേക്ക് നീങ്ങിയത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ സംസ്ഥാന നേതാക്കളും ഈ പ്രകടനത്തിൽ ജനപ്രതിനിധികൾക്കൊപ്പം പങ്കെടുത്തു. ബിജെപി കൂടി മത്സരരംഗത്തേക്ക് വന്നതോടെ ഇത്തവണത്തെ സ്പീക്കർ തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായി.

