പാലക്കാട്: ജില്ലയിലെ എക്സൈസ് വകുപ്പിൽ വൻ അഴിച്ചുപണിയും കൂട്ട സ്ഥലമാറ്റവും. എട്ട് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 59 പേരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. എന്നാൽ സർക്കാരിന്റെ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി അട്ടിമറിച്ചാണ് ഈ അടിയന്തര നടപടിയെന്ന ഗുരുതര ആക്ഷേപവുമായി എക്സൈസ് ഉദ്യോഗസ്ഥർ തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, കോൺഗ്രസ് അനുകൂല എക്സൈസ് സംഘടനകളുടെ രാഷ്ട്രീയ ശുപാർശകൾ മാത്രം പരിഗണിച്ചാണ് ഈ അട്ടിമറി സ്ഥലമാറ്റം നടപ്പിലാക്കിയതെന്നാണ് സ്ഥലംമാറ്റത്തിന് ഇരയായവർ ആരോപിക്കുന്നത്. ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള എക്സൈസ് ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ സേവന കാലയളവ് കുറഞ്ഞത് രണ്ട് വർഷമായി സർക്കാർ മുൻപ് നിജപ്പെടുത്തിയിരുന്നു. എന്നാൽ ഈ മാനദണ്ഡം കാറ്റിൽപ്പറത്തിക്കൊണ്ട് വെറും മൂന്ന് മാസം മുൻപ് മാത്രം പുതിയ നിയമനം ലഭിച്ചവരെ പോലും ഇപ്പോൾ വീണ്ടും അടിയന്തരമായി സ്ഥലംമാറ്റിയിട്ടുണ്ട്.
കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടതുപക്ഷ അനുകൂല സംഘടനകളുടെ പ്രധാന ഭാരവാഹികളെയും ചട്ടവിരുദ്ധമായി ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ആക്ഷേപം. പുതിയ ഭരണമാറ്റത്തിന് പിന്നാലെ എക്സൈസ് വകുപ്പിൽ നടന്നിട്ടുള്ള ഈ കൂട്ടസ്ഥലമാറ്റം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും എക്സൈസ് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരിനും വഴിതുറക്കുമെന്നുറപ്പാണ്.

