Home Sports‘ഹാർദിക്കിനെ ഒഴിവാക്കൂ, കാമറൂൺ ഗ്രീനിനെ തിരികെ എത്തിക്കൂ’; മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മൈക്കൽ വോൺ

‘ഹാർദിക്കിനെ ഒഴിവാക്കൂ, കാമറൂൺ ഗ്രീനിനെ തിരികെ എത്തിക്കൂ’; മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മൈക്കൽ വോൺ

by news_desk
0 comments

മുംബൈ: ഐപിഎല്ലിൽ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം സീസണിലും പരാജയമായി മാറിയ പശ്ചാത്തലത്തിൽ, ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഈ സീസണിൽ 13 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വെറും നാല് വിജയങ്ങളുമായി ഒൻപതാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ മുംബൈ. ഹർദിക് നായകനായി എത്തിയ ആദ്യ സീസണിൽ ടീം പത്താം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് എത്തിയതാണ് അഞ്ച് തവണ കിരീടം നേടിയ ടീമിന്റെ ഹാർദിക്കിന് കീഴിലുള്ള ഏറ്റവും മികച്ച പ്രകടനം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കനത്ത തോൽവിക്ക് പിന്നാലെ നടത്തിയ ഒരു ക്രിക്കറ്റ് ചർച്ചയിലാണ് മൈക്കൽ വോൺ മുംബൈയുടെ തകർച്ചയെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. അടുത്ത സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ആദ്യം ചെയ്യേണ്ടത് ഹർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുകയാണെന്ന് വോൺ തുറന്നടിച്ചു. ഹർദിക്കിനെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈയിലേക്ക് തിരികെ കൊണ്ടുവന്നതിലെ യുക്തി തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിനൊപ്പം ഹർദിക് മികച്ച ക്യാപ്റ്റനായിരുന്നു എന്നത് ശരിയാണ്, എന്നാൽ അത് തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലും മറ്റൊരു കോച്ചിനും കളിക്കാർക്കുമൊപ്പമായിരുന്നു. മുംബൈയുടെ സാഹചര്യം അതല്ല. ക്യാപ്റ്റനെന്ന നിലയിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള നിരവധി സീനിയർ താരങ്ങൾ ഇപ്പോൾ തന്നെ ആ ടീമിലുണ്ടെന്നും വോൺ ചൂണ്ടിക്കാട്ടി.

ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി, മുൻപ് മുംബൈ റിലീസ് ചെയ്ത ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിലേക്ക് തിരികെ എത്തിക്കണമെന്നാണ് വോണിന്റെ പ്രധാന നിർദ്ദേശം. നിലവിൽ കൊൽക്കത്ത ടീമിന്റെ ഭാഗമായ കാമറൂൺ ഗ്രീൻ മുംബൈയിലേക്ക് മടങ്ങണമെന്നും, പകരം ഹർദിക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറി അവിടുത്തെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഹർദിക്കിന് ക്യാപ്റ്റനായി തന്നെ ഐപിഎല്ലിൽ തുടരണമെന്നുണ്ടെങ്കിൽ മുംബൈ വിട്ട് തികച്ചും വ്യത്യസ്തമായ മറ്റൊരു ടീമിലേക്ക് മാറുന്നതാണ് ഉചിതം. കൊൽക്കത്ത നിലവിൽ ഒരു പുതിയ നായകനെ തേടുന്നുണ്ടാകാം. അതുകൊണ്ട് ഹർദിക് അങ്ങോട്ട് മാറുന്നതും ഗ്രീൻ മുംബൈയിലേക്ക് തിരിച്ചെത്തുന്നതും ഇരു കൂട്ടർക്കും ഒരു പുതിയ തുടക്കത്തിന് വഴിതുറക്കുമെന്നും മൈക്കൽ വോൺ വ്യക്തമാക്കി. ഹർദിക്കിന്റെ ക്യാപ്റ്റൻസിയെച്ചൊല്ലി മുംബൈ ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടയിലാണ് വോണിന്റെ ഈ പ്രതികരണം.

You may also like