ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ ഹർജിയിൽ, കോടതിയുടെ നിർദേശങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് ആരോപണം. 45 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) തടഞ്ഞെന്നും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നത് തുടർന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡൽഹി പൊലീസ് കമ്മീഷണർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചോദ്യം ചെയ്യുന്ന ഹർജികളും കോടതി പരിഗണിക്കും.
സിജെപി സമരം നേരിടാൻ കേന്ദ്ര സർക്കാരും സുരക്ഷാസേനകളും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെ ഡൽഹിയിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്. പ്രതിഷേധം തടയുന്നതിനായി നേതാക്കളെയും പ്രവർത്തകരെയും മുൻകൂട്ടി കസ്റ്റഡിയിലെടുത്തതായും ആരോപണമുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപകയെ വിമാനത്തിൽനിന്നും യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ നിരവധി വിദ്യാർഥികളെയും ദേശീയ നേതാക്കളെയും അവർ ഉണ്ടായിരുന്ന സ്ഥലങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരായ റോഷ്‌നി രാജനെയും ഫർസ ടി.എമ്മിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണമുണ്ട്. റോഡിലൂടെ വലിച്ചിഴച്ചാണ് ഇരുവരെയും പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും വൈകുന്നേരത്തോടെ വിട്ടയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പോരാട്ടം തുടരണമെന്നും തങ്ങൾ ഒപ്പമുണ്ടെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെയും ഭരണഘടനയെ ആക്രമിച്ചവരെയും പരാജയപ്പെടുത്തുമെന്ന് ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
